രോഗങ്ങള്‍ തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം: മന്ത്രി എ. കെ. ശശീന്ദ്രന്‍

കോഴിക്കോട്: കോവിഡ് 19, മഴക്കാല രോഗങ്ങള്‍ എന്നിവ തടയുന്നതിന് എല്ലാ സംവിധാനങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്തി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍. എലത്തൂര്‍ നിയോജക മണ്ഡലത്തിലെ കോവിഡ്, മഴക്കാലരോഗ  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം ഫേസ് ഷീല്‍ഡുകള്‍ ഉപഹാരമായി നല്‍കി.

മഴക്കാല രോഗങ്ങള്‍ തടയുന്നതിന് രൂപീകരിച്ച കമ്മിറ്റികള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ. പി. ശോഭന അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കുണ്ടൂര്‍ ബിജു, പ്രകാശന്‍ മാസ്റ്റര്‍, വല്‍സല, ജമീല, പി. അപ്പുക്കുട്ടന്‍, ചോയി കുട്ടി, മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/4889/covid.html

Share
അഭിപ്രായം എഴുതാം