തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ആവശ്യത്തില്‍ കൂടുതലുള്ള ജീവനക്കാരെ പുറത്ത് മറ്റു വകുപ്പുകളില്‍ നിയമിക്കാന്‍ ഉദ്യോഗസ്ഥതല സമിതി ശുപാര്‍ശ ചെയ്തു. സെക്രട്ടേറിയറ്റില്‍ അധികമുള്ള 300ഓളം ജീവനക്കാരെയാണ് മാറ്റുക. ലോക് ഡൗണിനു തൊട്ടുമുമ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനാപ്രതിനിധികളുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനമെടുക്കും. സെക്രട്ടേറിയറ്റിലെ ഭരണസംവിധാനം ഉടച്ചുവാര്‍ക്കുന്നതിന്റെ ഭാഗമായാണ് അഡിഷണല്‍ സെക്രട്ടറിമാരും ജോയിന്റ് സെക്രട്ടറിമാരും ഡെപ്യൂട്ടി സെക്രട്ടറിമാരുമുള്‍പ്പെട്ട സമിതിയെ നിയോഗിച്ചത്. അധികമുള്ളവരെ ജോലി കൂടുതലുള്ള ആഭ്യന്തരം, റവന്യൂ, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലേക്ക് മാറ്റണമെന്നും സെക്രട്ടേറിയറ്റിലെ സ്ഥാനക്കയറ്റങ്ങള്‍ യോഗ്യതയുടെ അടിസ്ഥാനത്തിലാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. കാര്യമായ ജോലികളില്ലാത്ത തസ്തികകള്‍ പുനര്‍വിന്യസിക്കുന്ന കാര്യവും സമിതി പരിശോധിക്കും.