തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രനിരക്കുകള്‍ വര്‍ധിപ്പിച്ചു. 12 രൂപയാണ് മിനിമം ചാര്‍ജ്. മറ്റ് ടിക്കറ്റ് നിരക്കുകളിലും ആനുപാതികമായ വര്‍ധനവുണ്ടാകും. ജില്ലയ്ക്കകത്ത് നിബന്ധനകളോടെ ഹ്രസ്വദൂര സര്‍വീസുകള്‍ മാത്രമാവും അനുവദിക്കുക. പൊതുഗതാഗതം ഉണ്ടാവില്ലെന്നും ഹോട്ട് സ്‌പോട്ട് ഒഴികെയുള്ള മേഖലയിലാണ് അന്തര്‍ജില്ലാ ബസ് യാത്രയ്ക്കുള്ള അനുമതിയെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
അന്തര്‍ജില്ല, അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ഉടന്‍ ഉണ്ടാവില്ല. ഹോട്ട് സ്‌പോട്ട് അല്ലാത്തയിടങ്ങളില്‍ ഓട്ടോറിക്ഷ, ടാക്‌സി സര്‍വീസുകള്‍ നടത്താം. കേന്ദ്രം നാലാംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. അതേസമയം, ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും നികുതിയിളവും ഡീസല്‍ സബ്‌സിഡിയും നല്‍കണമെന്നും ബസ് ഉടമകളുടെ സംഘടന ആവശ്യപ്പെട്ടു.