അജ്മീര്‍: ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ തൊഴിലാളിയായ യുവാവ് 200 കിലോമീറ്റര്‍ നടന്നാണ് സ്വന്തം ഗ്രാമത്തില്‍ എത്തിയത്. രാജസ്ഥാനിലെ ജയ്പൂര്‍ താലൂക്കിലെ ഷെര്‍പൂര്‍ ഗ്രാമവാസിയായ കമലേഷ് മീണ എന്ന 24കാരന് പുതിയ തിരിച്ചറിവുകളിലേക്ക് എത്തിച്ചേര്‍ന്ന അനുഭവമാണ് കിട്ടിയത്. അജ്മീറില്‍ ജോലിതേടി പോയ താന്‍ മടങ്ങി വരുന്നത് കാണാന്‍ കാത്തിരിക്കുന്ന ഗ്രാമം ആയിരുന്നില്ല കൊറോണ കാലത്തെ ഷെര്‍പൂര്.

ഭില്‍വാരയില്‍ രണ്ട് മരണം ഉള്‍പ്പെടെ 37 കൊറോണ കേസുകള്‍ ആണ് ഉണ്ടായിരുന്നത്. രാജസ്ഥാനില്‍ ആകെ എണ്‍പതിലധികം മരണങ്ങള്‍ നടന്നുകഴിഞ്ഞിരുന്നു. മൂവായിരത്തിലേറെ രോഗികളായി.
ഗ്രാമത്തിന് പഴയ സ്‌നേഹം ഒന്നും കമലേഷിനോട് ഇല്ല. ഇല്ലെന്ന് മാത്രമല്ല മരണവുമായി മടങ്ങിയെത്തിയ ഒരാളോടുള്ള വെറുപ്പും ദേഷ്യവും. ഗ്രാമത്തില്‍ അടുപ്പിച്ചില്ല. സ്വന്തം വീട്ടുകാരും കൈ കെട്ടി നോക്കി നിന്നു. 200 കിലോമീറ്റര്‍ താണ്ടി വന്ന കമലേഷ് ഗ്രാമം വിട്ടു പോകില്ല എന്ന് ശാഠ്യം പിടിച്ചു. പോകാന്‍ അയാള്‍ക്ക് സ്ഥലം ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം. നടന്നു വന്ന വഴിയില്‍ വെള്ളം തരാന്‍ പോലും ആളുകള്‍ മടിച്ചു. മരണഭീതിക്ക് മുമ്പില്‍ ബന്ധുവും പരിചിതനും അപരിചിതനും എല്ലാം ഒരുപോലെയാണ്. കമലേഷ് ഗ്രാമത്തില്‍ കുത്തിയിരിപ്പ് ആരംഭിച്ചു. അതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ എത്തി. 14 ദിവസം ക്വാറന്റൈയിനില്‍ പോകണം എന്ന് വിധിച്ചു. പക്ഷേ ഗ്രാമത്തില്‍ ആളുകള്‍ സമ്മതിച്ചില്ല. ഒടുവില്‍ ഗ്രാമക്കാരും ബന്ധുക്കളും ചേര്‍ന്ന് പരിഹാരമുണ്ടാക്കി. ഗ്രാമത്തിനു വെളിയില്‍ ഒരു മരത്തിന്റെ മുകളില്‍ മാടം കെട്ടി കൊടുത്തു.
കമലേഷിന്റെ അച്ഛന്‍ രാവിലെ വന്ന് മരച്ചുവട്ടില്‍ ഭക്ഷണം വച്ചിട്ട് പോകും. പോയി കഴിഞ്ഞ് എടുത്തു കഴിക്കും. 14 ദിവസം കഴിഞ്ഞു പോയി. രോഗം ഉണ്ടായിരുന്നില്ല. ഇപ്പോഴും ഗ്രാമക്കാര്‍ക്ക് പേടിയാണ്. കമലേഷ് മരത്തിന് മുകളില്‍ തന്നെയാണ് താമസം.




