കണ്ണൂര്‍: ലോക്ഡൗണ്‍ മൂലം മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിയാത്തത് തീരമേഖലയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധനത്തിനുള്ള നിയന്ത്രണങ്ങള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇളവു വരുത്തിയിട്ടുണ്ടെങ്കിലും കണ്ണൂര്‍ റെഡ് സോണ്‍ ആയതിനാല്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്.
ജൂണില്‍ ട്രോളിങ് നിരോധനംകൂടി വരുമ്പോള്‍ തൊഴിലാളികള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് പതിക്കുമെന്ന് തൊഴിലാളികള്‍ പറയുന്നു. ജില്ലയിലെ ബോട്ടുകളില്‍ ഭൂരിഭാഗവും 45 അടിയില്‍ താഴെ മാത്രം വലുപ്പമുള്ളവയാണ്. ഇതില്‍ അഞ്ച് തൊഴിലാളികള്‍ മാത്രം മതിയാവും മത്സ്യബന്ധനത്തിന്. സര്‍ക്കാരുകളുടെ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന് ഇതു തടസമല്ല. തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് മത്സ്യതൊഴിലാളികള്‍.

