റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഓര്‍മ്മയായി

May 1, 2020 - 12:42 pm

ഇടുക്കി: ഇടുക്കി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍(77) അന്തരിച്ചു. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വെള്ളി(മെയ് 1) പുലര്‍ച്ചെ 1.38നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തേത്തുടര്‍ന്ന് ഒരുമാസത്തോളമായി കിടപ്പിലായിരുന്നു. സംസ്‌കാരം അഞ്ചിന് (5 മെയ്) ഉച്ചകഴിഞ്ഞ് 2.30ന് വാഴത്തോപ്പ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. മാര്‍. ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. വര്‍ഷങ്ങളായി പ്രമേഹരോഗത്തിന് ചികിത്സയിലായിരുന്നു. മൂന്നുവര്‍ഷമായി കിഡ്‌നി സംബന്ധമായി അസുഖത്തിനും ചികിത്സയിലായിരുന്നു.

കുഞ്ചിത്തണ്ണി ആനിക്കുഴിക്കാട്ടില്‍ ലൂക്ക എലിസബത്ത് ദമ്പതികളുടെ 15 മക്കളില്‍ മൂന്നാമനായും ആണ്‍മക്കളില്‍ ഒന്നാമനായും 1942 സെപ്തംബര്‍ 23നാണ് മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ജനനം. ജന്മനാടായ കടപ്ലാമറ്റത്തും കുഞ്ചിത്തണ്ണിയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മുത്തോലി സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ തുടര്‍പഠനം നടത്തി. തുടര്‍ന്ന് കോതമംഗലം മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന് വൈദികപഠനം ആരംഭിച്ചു. 1971 മാര്‍ച്ച് 15ന് കുഞ്ചിത്തണ്ണി ഹോളി ഫാമിലി പള്ളിയില്‍വച്ച് മാര്‍. മാത്യു പോത്തനാംമൂഴിയില്‍ ബിഷപ്പില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു.

കോതംഗലം ടൗണ്‍ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായിട്ടായിരുന്നു ആദ്യനിയമനം. ജോസ്ഗിരി, ചുരുളി, എഴുകുംവയല്‍ പള്ളികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1985ല്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. 1990ല്‍ കോതമംഗലം രൂപത ചാന്‍സലറായി. 2003ല്‍ കോതമംഗലം രൂപത വിഭജിച്ച് രൂപീകൃതമായ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനായി സേവനം ചുമതലയേറ്റു. ഒന്നരപതിറ്റാണ്ടിനുശേഷം പുതിയ ബിഷപ്പ് മാര്‍. ജോണ്‍ നെല്ലിക്കുന്നേല്‍ ചുമതലയേറ്റതോടെ വിശ്രമജീവിതത്തിലായിരുന്നു.

ഇടുക്കിക്കാരുടെ ഭൂപ്രശ്‌നങ്ങളിലും പട്ടയവിഷയങ്ങളിലും ശ്രദ്ധേയമായ ഇടപെടല്‍ നടത്തി. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രക്ഷാധികാരിയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *