റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകി മുക്കത്തെ മൂന്ന് അതിഥി തൊഴിലാളികൾ

April 3, 2020 - 10:04 am

മുക്കം ഏപ്രിൽ 3: ഭക്ഷണം കിട്ടുന്നില്ലെന്നാരോപിച്ച്‌ അതിഥിതൊഴിലാളികളില്‍ ചിലര്‍ തെരുവിലിറങ്ങുമ്പോള്‍, സ്വരുക്കൂട്ടിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി മാതൃകയാവുകയാണ് മുക്കത്തെ മൂന്ന് അതിഥിതൊഴിലാളികള്‍. കാരശ്ശേരി പഞ്ചായത്തിലെ അംവാജ് ഹോട്ടലിലെ തൊഴിലാളികളും നേപ്പാള്‍ സ്വദേശികളുമായ രഞ്ജിത്ത്, ഗോപാല്‍, കുമാര്‍ എന്നിവരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കിയത്. സ്വരുക്കൂട്ടിവെച്ച 10,000 രൂപയാണ് ഇവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്.

13 അതിഥിതൊഴിലാളികളാണ് ഇതേ ഹോട്ടലില്‍ ജോലിചെയ്തിരുന്നത്. രാജ്യത്ത് കൊറോണ പടര്‍ന്നുപിടിച്ചതോടെ ഇവരില്‍ 10 പേര്‍ നാട്ടിലേക്ക് മടങ്ങി.
നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘദൂര ട്രെയിന്‍ യാത്ര അപകടമാണെന്ന് തിരിച്ചറിഞ്ഞ രഞ്ജിത്തും ഗോപാലും കുമാറും ഇവിടെ തുടരുകയായിരുന്നു. ജോലിചെയ്തിരുന്ന അംവാജ് ഹോട്ടല്‍ കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിന്റെ സമൂഹ അടുക്കളയായി പ്രവര്‍ത്തനം ആരംഭിച്ചതോടെ ഇവര്‍ക്ക് സ്ഥിരം ജോലിയുമായി.

ഇതിനിടയിലാണ് കേരള മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നെ ഇവര്‍ മറ്റൊന്നും ചിന്തിച്ചില്ല. ദേശം മുഴുവന്‍ വ്യാപിക്കുന്ന മഹാമാരിക്കിടയിലും ആയിരക്കണക്കിന് അതിഥിതൊഴിലാളികള്‍ക്ക് താങ്ങും തണലുമാവുന്ന കേരള സര്‍ക്കാരിനെ സഹായിക്കാന്‍ ഇവര്‍ തയ്യാറാവുകയായിരുന്നു.

കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വിനോദ് തുക ഏറ്റുവാങ്ങി.

‎‎‎

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *