മലപ്പുറം മാർച്ച് കോവിഡ്-19 രോഗബാധ കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സകീന അറിയിച്ചു. രോഗബാധ റിപ്പോര്‍ട്ടു ചെയ്ത രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം. രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. രോഗലക്ഷണങ്ങളില്ലെങ്കിലും 28 ദിവസം വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണം.
ജില്ലയിലിപ്പോള്‍ രണ്ടു പേര്‍ മാത്രമാണ് വീട്ടിലെ പ്രത്യേക നിരീക്ഷണത്തിലുള്ളത്. രോഗബാധയുമായി ബന്ധപ്പെട്ട സംശയ ദൂരീകരണത്തിനു ദിശ ഹെല്‍പ് ലൈന്‍ നമ്പറായ 1056, കണ്‍ട്രോള്‍ സെല്ലിലെ 0471-2552056 എന്ന നമ്പറിലോ ബന്ധപ്പെടണം. ആരോഗ്യജാഗ്രതയുടെ ഭാഗമായി ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം. കൈകള്‍ ഇടക്കിടെ സോപ്പിട്ടു കഴുകണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്.