എറണാകുളത്ത്‌ ഉറവിട മാലിന്യ സംസ്‌കരണം: ജില്ലാതല യോഗം ചേരും

കാക്കനാട് മാർച്ച് 4: ജില്ലയിലെ ഉറവിട മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങൾ പരമാവധി സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ വെള്ളിയാഴ്ച (06.03.2020) ഉച്ചയ്ക്ക് 2.30 ന് കളകളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതി എന്നിവയില്‍ ഉള്‍പ്പെടുത്തി ശുചിത്വ, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ജൈവ-അജൈവ മാലിന്യ ശേഖരണ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള ക്യാമ്പയിന്റെ ഭാഗമായാണ് യോഗം.

ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, മാഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ നേതൃത്വത്തില്‍ ആവശ്യമുള്ള പരമാവധി വീടുകളില്‍ ഉറവിടമാലിന്യ സംസ്‌കരണത്തിന് ഉതകുന്ന കമ്പോസ്റ്റ് പിറ്റ്, ശുചിത്വ മിഷന്‍ ധനസഹായത്തോടുകൂടി റിംഗ് കമ്പോസ്റ്റ് യൂണീറ്റുകള്‍, ബയോകമ്പോസ്റ്റ്, ബയോഡൈജസ്റ്റര്‍, ദ്രവ മാലിന്യ പരിപാലനത്തിന്റെ ഭാഗമായി സോക്കേജ്പിറ്റ് എന്നിവയ്ക്ക് പുറമേ ഹരിത കര്‍മ്മസേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ വാര്‍ഡുതലത്തില്‍ താത്ക്കാലികമായി സൂക്ഷിക്കുന്നതിന് ഓരോ വാര്‍ഡിലും ഒരു മിനി എം.സി.എഫും സമയബന്ധിതമായി നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. യോഗത്തിൽ എല്ലാ ജില്ലാ പഞ്ചായത്ത് അംഗങ്ങളും, നഗരസഭാ ചെയര്‍പേഴ്‌സണ്‍മാരും സെക്രട്ടറിമാരും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ സെക്രട്ടറിമാർ എന്നിവർക്ക് പുറമേ എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുേക്കണ്ടതാണ്.

Share
അഭിപ്രായം എഴുതാം