ജില്ലയില്‍ പട്ടിക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി അക്കാദമി സ്ഥാപിക്കും: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി

കാസർഗോഡ് ഫെബ്രുവരി 25: ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള അക്കാദമി കാസര്‍കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗജന്യ ഭക്ഷണത്തോടുകൂടിയതായിരിക്കും അക്കാദമി.  ഇതിനായി എം.പി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ വകയിരുത്തി. ജില്ലാ കളക്ടറുടേയും വകുപ്പ് മന്ത്രിയുടേയും പരിപൂര്‍ണ്ണ പിന്തുണയോടെ ആരംഭിക്കുന്ന അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ പ്രൊഫഷണല്‍ മേഖലകളിലേക്ക് എത്തിപ്പെടാനുള്ള അവസരമാണ് ഒരുങ്ങുക. പി.എസ്.സി, എം.ബി.ബി.എസ്, എഞ്ചിനീയറിങ്, സിവില്‍ സര്‍വ്വീസ് തുടങ്ങി വിവിധ കോഴ്സുകള്‍ ഇവിടെ പരിശീലിപ്പിക്കും. ഗുണഭോക്താവിന്റെ ജീവിത കാലം മുഴുവന്‍ ഉപകാരപ്പെടുന്ന പദ്ധതി എന്ന ആശയത്തില്‍ നിന്നുമാണ് ഇത്തരമൊരു പദ്ധതി ഉരിത്തിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം കുമരകത്തിന്  സമാനമായി കാസര്‍കോട് നീലേശ്വരം മുതല്‍ ഏഴിമലവരെ ഹൈഡ്രോ ടൂറിസം വികസിപ്പിക്കണമെന്ന് എം.പി നിര്‍ദ്ദേശിച്ചു. കുമരകത്തെ മാലിന്യം നിറഞ്ഞ വെള്ളത്തേക്കാള്‍ വിനോദ സഞ്ചാര സാധ്യത തുറക്കുന്ന പളുങ്കുപോലെ ശുദ്ധമായ ജലാശയങ്ങളാണ് നമുക്കുള്ളത്. അതിനെ ഉപയോഗപ്പെടുത്തി ഇരുകരകളിലും റിസോര്‍ട്ടുകള്‍ പണിത് അതോടൊപ്പം ആയുര്‍വ്വേദ ടൂറിസത്തിനും പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ തയ്യാറാക്കണം- അദ്ദേഹം ആവശ്യപ്പെട്ടു. കരിന്തളത്ത് ആയുഷ് കേന്ദ്രം ഒരുങ്ങുന്നതും പെരിയ എയര്‍ സ്ട്രിപ്പിന് കേന്ദ്രാനുമതി ലഭിച്ചത് നമ്മുടെ വിനോദ സഞ്ചാരമേഖലയെ ഉണര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →