നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നവര്‍ക്ക് സസ്പെന്‍ഷന്‍: ചട്ടം പരിഷ്കരിക്കാന്‍ രാജ്യസഭാ പാനലിന്റെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി ഫെബ്രുവരി 20: നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്നവരെ ഓട്ടോമാറ്റിക്കായി സസ്പെന്‍ഡ് ചെയ്യാനും വോട്ടവകാശം ഇല്ലാതാക്കാനും ചട്ടം പരിഷ്കരിക്കണമെന്ന് രാജ്യസഭാ പാനലിന്റെ നിര്‍ദ്ദേശം. രാജ്യസഭാ മുന്‍ സെക്രട്ടറി ജനറല്‍ വി കെ അഗ്നിഹോത്രി, മുന്‍ നിയമമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ദിനേഷ് ഭരദ്വാജ് എന്നിവരടങ്ങിയ രണ്ടംഗ കമ്മിറ്റിയാണ് വെങ്കയ്യ നായിഡുവിന് നിര്‍ദ്ദേശം സമര്‍പ്പിച്ചത്.

77 ചട്ടങ്ങളില്‍ ഭേദഗതി വേണമെന്നും 124 ചട്ടങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചു. രണ്ടംഗ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് രാജ്യസഭാ സെക്രട്ടറി ജനറല്‍ ദേശ് ദീപക് വര്‍മ്മ ജനറല്‍ പര്‍പ്പസ് കമ്മിറ്റിക്ക് മുന്നില്‍ സമര്‍പ്പിച്ചു. യോഗത്തില്‍ 23 രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. സഭാ അധ്യക്ഷന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് കമ്മിറ്റിയുടെ നിര്‍ദ്ദേശം. പ്രിസൈഡിംഗ് ഓഫീസറുടെ അനുമതിയില്ലാതെ അധ്യക്ഷന് സമീപത്തോ നടുത്തളത്തിലോ അംഗങ്ങള്‍ പ്രവേശിക്കാന്‍ പാടില്ല. ചട്ടം ലംഘിച്ചാല്‍ സ്വാഭാവികമായി അഞ്ച് ദിവസം സസ്പെന്‍ഷന്‍ ലഭിക്കും.

Share
അഭിപ്രായം എഴുതാം