ഗാര്‍ഗി കോളേജിലെ ലൈംഗികാതിക്രമം: അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം

ന്യൂഡല്‍ഹി ഫെബ്രുവരി 15: ഗാര്‍ഗി കോളേജ് ലൈംഗിക അതിക്രമക്കേസില്‍ അറസ്റ്റിലായ പത്ത് പേര്‍ക്കും ജാമ്യം. കോളേജില്‍ അതിക്രമിച്ച് കയറിയതിന് മാത്രമാണ് തെളിവുള്ളതെന്നും ലൈംഗികാതിക്രമം നടത്തിയതിന് തെളിവില്ലെന്നും പോലീസ് അറിയിച്ചു. അതിന് പിന്നാലെയാണ് സാകേത് കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്.

18 മുതല്‍ 25 വരെ വയസ്സുള്ളവരെയാണ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്. പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. കോളേജിന് സമീപത്തെ 23 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ജസ്റ്റിസുമാരായ ജി എസ് സസ്താനി, സി ഹരിശങ്കര്‍ എന്നിവരുടെ ബഞ്ച് തിങ്കളാഴ്ച പരിഗണിക്കും.

Share
അഭിപ്രായം എഴുതാം