പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസ്: സുരേഷ് ഗോപിക്കെതിരെ നല്‍കിയ കുറ്റപത്രം ക്രൈം ബ്രാഞ്ചിന് മടക്കി നല്‍കി

തിരുവനന്തപുരം ഫെബ്രുവരി 3: നടന്‍ സുരേഷ് ഗോപിക്കെതിരെ പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ നല്‍കിയ കുറ്റപത്രം ക്രൈം ബ്രാഞ്ചിന് മടക്കി നല്‍കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥന് മടക്കി നല്‍കിയത്. കുറ്റപത്രം പരിഗണിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

വ്യാജരേഖകള്‍ ഉപയോഗിച്ച് പുതുച്ചേരിയില്‍ വാഹന രജിസ്ട്രേഷന്‍ നടത്തി സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. പുതുച്ചേരി രജിസ്ട്രേഷനില്‍ സുരേഷ് ഗോപിക്ക് രണ്ട് ഓഡിക്കാറുകളാണ് ഉണ്ടായിരുന്നത്. ഇവ പുതുച്ചേരിയിലെ വ്യാജ വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. വ്യാജ രേഖ ചമക്കല്‍, തെളിവ് നശിപ്പിക്കല്‍, മോട്ടോര്‍ വാഹനവകുപ്പിലെ വകുപ്പുകള്‍ എന്നിവയാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →