തിരുവനന്തപുരം ഫെബ്രുവരി 3: കാട്ടാക്കടയില്‍ സ്വന്തം പുരയിടത്തില്‍ നിന്ന് മണ്ണെടുത്തത് ചോദ്യം ചെയ്തതിന് യുവാവിനെ മണ്ണുമാഫിയ കൊലപ്പെടുത്തിയ സംഭവം നിയമസഭയില്‍. പോലീസ് വീഴ്ചയാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവദിവസം രാത്രി ഒരു മണിക്ക് സ്റ്റേഷനില്‍ വിവരം കിട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞു. കേസില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. പോലീസ് വീഴ്ച വരുത്തിയെന്ന പരാതി പരിശോധിക്കുമെന്നും കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്വന്തം പുരയിടത്തില്‍ നിന്ന് അനുവാദമില്ലാതെ മണ്ണെടുത്തത് ചോദ്യം ചെയ്തതിന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാട്ടാക്കട സ്വദേശി സംഗീതിനെ ജെസിബി ഇടിച്ച് കൊലപ്പെടുത്തിയത്. രാത്രിയില്‍ പോലീസിനെ വിളിച്ച് അറിയിച്ചിരുന്നെങ്കിലും സമയത്ത് എത്താതെ പോലീസ് കാണിച്ച് അനാസ്ഥയാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പോലീസിന് സംഭവത്തില്‍ വീഴ്ച പറ്റിയതായി സ്പെഷ്യല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.