ന്യൂഡല്‍ഹി ജനുവരി 10: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച കേരളത്തിലെ മറ്റൊരു റിസോര്‍ട്ട് കൂടി പൊളിച്ചു കളയാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ആലപ്പുഴ ജില്ലയിലെ വേമ്പനാട് കായല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന കാപികോ റിസോര്‍ട്ടാണ് പൊളിച്ചു നീക്കാന്‍ സുപ്രീംകോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. തീരദേശപരിപാലന നിയമം ലംഘിച്ച് അനധികൃതമായി നിര്‍മ്മിച്ച റിസോര്‍ട്ട് പൊളിച്ചുകളയാന്‍ കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധിക്കെതിരെ റിസോര്‍ട്ട് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ സുപ്രീംകോടതി ഉത്തരവ് വന്നിരിക്കുന്നത്.
ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ അധ്യക്ഷനായ ബഞ്ചാണ് കാപികോ റിസോര്‍ട്ട് പൊളിച്ചുകളയണമെന്ന് വിധിച്ചിരിക്കുന്നത്. 2013ല്‍ ഇപ്പോള്‍ സുപ്രീംകോടതി ജഡ്ജിയായ ജസ്റ്റിസ് കെഎം ജോസഫിന്റെ നേതൃത്വത്തിലുള്ള ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് നിയമം ലംഘിച്ച് നിര്‍മ്മിച്ച റിസോര്‍ട്ട് പൊളിച്ച് നീക്കാന്‍ ഉത്തരവിട്ടത്.
മരടില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച നാല് ഫ്ളാറ്റുകള്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പൊളിച്ചുനീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇതിനിടെയാണ് മറ്റൊരു റിസോര്‍ട്ട് കൂടി പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവ്.