ഇന്ത്യയുൾപ്പെടെ 5 രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകി ഇറാൻ

ടെഹ്റാൻ: ഇസ്രയേൽ-യു.എസ്. സഖ്യം ഫെബ്രുവരി 28-നു തുടക്കമിട്ട ആക്രമണത്തിനുള്ള തിരിച്ചടിയായി അടച്ച ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മാർച്ച് 26 വ്യാഴാഴ്ച പറഞ്ഞു. ഇറാൻ കോൺസുലേറ്റ് ജനറലാണ് അരാഗ്ചിയുടെ പ്രസ്താവന പ്രസിദ്ധീകരിച്ചത്.

ശത്രുരാജ്യങ്ങളുടെ കപ്പലുകളെ മാത്രമേ ആക്രമിക്കൂ

ഇറാനുനേരേയുള്ള ആക്രമണത്തെ അനുകൂലിക്കാത്തവയും ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി അനുസരിക്കുന്നവയുമായ കപ്പലുകൾക്ക് ഹോർമുസ്‌വഴി സുരക്ഷിതമായി കടന്നുപോകാമെന്ന് കഴിഞ്ഞദിവസം അവർ വ്യക്തമാക്കിയിരുന്നു.
ഹോർമുസ് വഴി പോകാൻശ്രമിക്കുന്ന ശത്രുരാജ്യങ്ങളുടെ കപ്പലുകളെ മാത്രമേ ആക്രമിക്കൂ എന്ന് ഇറാൻ മുൻപ്‌ പലതവണ പറഞ്ഞിട്ടുണ്ട്. എങ്കിലും ആക്രമണഭീഷണി ഭയന്ന് കപ്പൽക്കമ്പനികൾ ഈ വഴി ഒഴിവാക്കുകയാണ്.

കപ്പലുകൾക്ക് സുരക്ഷനൽകുന്നതിനു പകരമായി നിശ്ചിത തുകയീടാക്കാനുള്ള കരടുബിൽ തയ്യാറാക്കുകയാണ് ഇറാൻ പാർലമെന്റ്

അതിനിടെ, ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കപ്പൽകമ്പനിയായ കോസ്കോ ഏഷ്യയിൽനിന്ന് ഗൾഫ് വിപണികളിലേക്കുള്ള ചരക്ക് ബുക്കിങ് എടുത്തുതുടങ്ങി. ഹോർമുസ് കടലിടുക്കുവഴി പോകുന്ന കപ്പലുകൾക്ക് സുരക്ഷനൽകുന്നതിനു പകരമായി നിശ്ചിത തുകയീടാക്കാനുള്ള കരടുബിൽ തയ്യാറാക്കുകയാണ് ഇറാൻ പാർലമെന്റ് എന്നാണ് റിപ്പോർട്ട്. ബില്ലിന്റെ കാര്യത്തിൽ അടുത്തയാഴ്ച അന്തിമതീരുമാനമുണ്ടാകും എന്ന് ഇറാനിലെ ‘ഫാർസ്’ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

ബുധനാഴ്ചവരെ ഇന്ത്യൻപതാകയുള്ള നാല് എൽ.പി.ജി. ടാങ്കറുകൾ ഹോർമുസ് വഴി ഇന്ത്യയിലെത്തിയിട്ടുണ്ട്

ഹോർമുസ് കടലിടുക്കിന്റെ പരമാധികാരവും നിയന്ത്രണവും നിരീക്ഷണവും നിയമംവഴി ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമാണിത്. കപ്പൽകമ്പനികളിൽനിന്ന് ഈടാക്കുന്ന തുക വരുമാനമാർഗമാക്കാനും ഇറാൻ ഉദ്ദേശിക്കുന്നുവെന്നാണ് പാർലമെന്റംഗത്തെ ഉദ്ധരിച്ച് ‘ഫാർസ്’ റിപ്പോർട്ടുചെയ്തത്. യുദ്ധം തുടങ്ങിയശേഷം ബുധനാഴ്ചവരെ ഇന്ത്യൻപതാകയുള്ള നാല് എൽ.പി.ജി. ടാങ്കറുകൾ ഹോർമുസ് വഴി ഇന്ത്യയിലെത്തിയിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →