ന്യൂഡല്‍ഹി നവംബര്‍ 13: കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജനതാദള്‍ പക്ഷത്തുള്ള 17 എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. ജസ്റ്റിസുമാരായ രമണ, സജ്ഞീവ് ഖന്ന, കൃഷ്ണമുരാരി എന്നിവരടങ്ങിയ ബഞ്ചാണ് ഇന്ന് ഈ കേസില്‍ വിധി പറഞ്ഞത്. ഈ വര്‍ഷം ജൂലൈ 1നാണ് രാജ്യത്ത് ശ്രദ്ധ നേടിയ എംഎല്‍എമാരുടെ കുതിരക്കച്ചവടസംഭവം കര്‍ണാടകയില്‍ അരങ്ങേറിയത്. തെരഞ്ഞെടുപ്പിന്ശേഷം ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് കോണ്‍ഗ്രസിന്‍ന്റെ പിന്തുണയോടെ ജനതാദളിന്റെ ഭരണം ഉണ്ടായി. എന്നാല്‍ ഇതില്‍ 17 എംഎല്‍എമാര്‍ വിമതരായി മാറുകയും അവരെ ബിജെപി മുംബൈയില്‍ ഹോട്ടലില്‍ എത്തിച്ച് താമസിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം. മുംബൈ ഹോട്ടലില്‍ കഴിഞ്ഞ ഈ എംഎല്‍എമാര്‍ നിയമസഭയില്‍ നിന്ന് രാജിവെയ്ക്കുന്നതായി പ്രഖ്യാപിച്ചു. രാജിവെയ്ക്കുവാനുള്ള തീരുമാനത്തെ സ്പീക്കര്‍ കെ ആര്‍ രമേഷ്കുമാര്‍ അംഗീകരിച്ചില്ല. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം എംഎല്‍എമാര്‍ സ്പീക്കറുടെ മുമ്പില്‍ ഹാജരായി അവരുടെ തീരുമാനം അറിയിച്ചു. രാജി ആവശ്യം നിരാകരിച്ച സ്പീക്കര്‍ 17 പേരെ അയോഗ്യരായി പ്രഖ്യാപിച്ചു. മാത്രമല്ല 2023 വരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കര്‍ണാടക നിയമസഭയുടെ മുന്‍സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാറിന്റെ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. 17 എംഎല്‍എമാര്‍ അയോഗ്യരായി തുടരും. എന്നാല്‍ 2023 വരെ ഇവരെ അയോഗ്യരാക്കിയ നടപടി കോടതി റദ്ദുചെയ്തു. അയോഗ്യരാക്കുവാനുള്ള അധികാരം സ്പീക്കര്‍ക്കില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഇങ്ങനെ വിധി പറഞ്ഞിരിക്കുന്നത്. രാജി വെയ്ക്കുവാനുള്ള അവകാശം അംഗങ്ങള്‍ക്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ സ്പീക്കര്‍ക്ക് അവരെ അയോഗ്യരായി പ്രഖ്യാപിക്കാനുള്ള അധികാരവും ഉണ്ടെന്ന് കോടതി പറഞ്ഞു. ആ അധികാരപ്രകാരം കുതിരക്കച്ചവടം തടയുന്നതിനായി ഉണ്ടാക്കിയിട്ടുള്ള കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎല്‍എമാര്‍ അയോഗ്യരാണെന്ന സ്പീക്കറുടെ തീരുമാനം നിയമപരമാണെന്ന് കോടതി വിധിച്ചു.