മുംബൈ : സര്‍ക്കാര്‍ രൂപവത്കരണത്തില്‍ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് ഗവര്‍ണറുടെ ക്ഷണം. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സഖ്യം രൂപീകരിക്കാന്‍ ശിവസേന എന്‍ഡിഎ വിടണമെന്ന എന്‍സിപിയുടെ ഉപാധി അംഗീകരിച്ച് നരേന്ദ്രമോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായ ശിവസേന എംപി അരവിന്ദ് സാവന്ത് ഉടന്‍ രാജിവയ്ക്കുമെന്ന് അറിയിച്ചു.
‘ശിവസേനയുടെ ഭാഗമാണ് ശരി. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം ഡല്‍ഹിയില്‍ നില്‍ക്കുന്നത് എന്തിനാണ്? അതിനാല്‍ താന്‍ കേന്ദ്രമന്ത്രിപദം രാജിവയ്ക്കുകയാണ്’. എന്ന് അരവിന്ദ് സാവന്ത് ട്വീറ്റ് ചെയ്തു.
ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയായ ശിവസേനയെ സര്‍ക്കാരുണ്ടാക്കാനായി ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചിരുന്നു. സര്‍ക്കാരുണ്ടാക്കാനില്ലെന്നു ബിജെപി വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു അത്. സര്‍ക്കാരുണ്ടാക്കാന്‍ ഭൂരിപക്ഷമുണ്ടെങ്കില്‍ തിങ്കളാഴ്ച വൈകീട്ട് 7.30ന് മുമ്പ് അത് തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നു രാത്രി ഏഴരയ്ക്കകം മറുപടി നല്‍കണമെന്ന കത്തു ലഭിച്ചതിനു പിന്നാലെ ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അടിയന്തര പാര്‍ട്ടി യോഗം വിളിച്ചു.
സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് പിന്തുണകൂടി വേണം. കോണ്‍ഗ്രസിന്റ പിന്തുണ ഉറപ്പിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ സജീവമായി തുടരുകയാണ്. പ്രതിപക്ഷത്തിന്റെ പിന്തുണ സംബന്ധിച്ചു നിര്‍ണായകമായ രണ്ട് കൂടിക്കാഴ്ചകള്‍ ഇന്ന് നടക്കും. ശിവസേന തന്നെ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് സഞ്ജയ് റാവത്ത് പ്രതികരിച്ചു. സേനാ തലവന്‍ ഉദ്ധവ് താക്കറെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയിലെത്തി ചര്‍ച്ച നടത്തും. ശിവസേനയ്ക്കു പിന്തുണ നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയെ കാണും. ഉദ്ധവുമായുള്ള ചര്‍ച്ച അനുകൂലമായാല്‍ പവാര്‍ ഇന്നുതന്നെ ഡല്‍ഹിയിലെത്തി സോണിയ ഗാന്ധിയെ കണ്ടേയ്ക്കും.



