അഗര്‍ത്തല ഒക്ടോബര്‍ 1: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ക്രമാതീതമായി കുറഞ്ഞുവെന്ന മുഖ്യമന്ത്രി ബിപ്ലബ് ദേബിന്‍റെ വാദത്തിന് ഒരു മാസം തികയും മുന്‍പേ ത്രിപുരയില്‍ മൂന്ന് ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് കൂട്ടബലാത്സംഗവും ഒരു കൊലപാതകവും ഉള്‍പ്പെടെ മൂന്ന് കേസുകളാണ് 24 മണിക്കൂറിനുള്ളില്‍ നടന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ യുനാകോട്ടിലെ മുജിബ് അലിയെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുമായി ഫോണിലൂടെ ബന്ധം സ്ഥാപിച്ചെന്നും ഇരുവരും പ്രണയത്തിലായിരുന്നുവെന്നും അയാള്‍ പറഞ്ഞു. സെപ്റ്റംബര്‍ 28, പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് ഹിരാചേര കാട്ടില്‍ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് ആരോപണം. വിവാഹിതനും മകളുമുള്ള മുജീബിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു.
വിധവയായ സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതാണ് മറ്റൊരു കേസ്. സെപ്റ്റംബര്‍ 29നാണ് സംഭവം. ഖൊവായ് ജില്ലയിലെ സുരജിത്തിനെയും അര്‍ബിനെയും സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തു.
ഗോമതി ജില്ലയിലെ 38 സ്ത്രീയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതാണ് മൂന്നാമത്തെ കേസ്. പോലീസ് ആരെയും ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല.



