ചെന്നൈ ആഗസ്റ്റ് 19: തിരുച്ചിറപ്പള്ളി ജില്ലയില്‍ തുറയൂറിനടുത്ത് എസ്എന്‍ പുതൂര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി പ്രഖ്യാപിച്ചു. ചരക്ക്വണ്ടി കിണറ്റിലേക്ക് വീണ് എട്ട് പേരാണ് മരിച്ചത്.
സംഭവത്തില്‍ ഖേദമുണ്ടെന്നും മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കുമെന്നും മന്ത്രി തിങ്കളാഴ്ച അറിയിച്ചു. സംഭവത്തില്‍ നിന്ന് രക്ഷപ്പെട്ട ഒന്‍പത് പേര്‍ പരിക്കുകളുമായി ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതര പരിക്കുള്ളവര്‍ക്ക് 50,000 രൂപ വീതവും നിസ്സാര പരിക്കുള്ളവര്‍ക്ക് 25,000 രൂപ വീതവും നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
സംഭവം അറിഞ്ഞപ്പോള്‍ തന്നെ, രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും വേണ്ടുന്ന സഹായം ചെയ്യണമെന്നും ജില്ലാ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ടൂറിസം വകുപ്പ്മന്ത്രി വെള്ളമാന്ധി നടരാജന്‍, ഗതാഗത വകുപ്പ്മന്ത്രി എംആര്‍ വിജയഭാസ്ക്കര്‍, പിന്നാക്ക വികസന വകുപ്പ്മന്ത്രി എസ് വളര്‍മതി എന്നിവരെ സംഭവസ്ഥലത്തേക്ക് നിയേഗിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. മരിച്ചുപോയവരുടെ ബന്ധുക്കളെ സമാധാനിപ്പിക്കാനും പരിക്കേറ്റവരെ ആശുപത്രികളിലെത്തി സന്ദര്‍ശികക്കാനും നിര്‍ദ്ദേശിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രത്തിലെ ഉത്സവത്തിന്ശേഷം സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന 17 പേരാണ് അപകടത്തില്‍പ്പെട്ടത്. ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് വണ്ടി കിണറ്റിലേക്ക് മറിയുകയായിരുന്നു.