തിരുവനന്തപുരം ആഗസ്റ്റ് 9: കേരളത്തില്‍ അതിശക്തമായ മഴ രണ്ടാം ദിവസവും തുടരുന്നു. കനത്ത മഴയില്‍ സംസ്ഥാനത്ത് ഇത് വരെ 17 പേര് മരിച്ചു, 25 ഓളം പേരെ കാണാതായി. വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ 40 ഓളം പേര് മണ്ണിനടിയില്‍ അകപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
വയനാട്ടില്‍ ഏഴ്, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ മൂന്ന് വീതവുമാണ് മരണം രേഖപ്പെടുത്തിയത്. വയനാട്ടിലെ പുത്തുമല പ്രദേശം ഉരുള്‍പൊട്ടലില്‍ പൂര്‍ണ്ണമായും ഒഴുകി പോയ അവസ്ഥയിലാണ്. 100 ഓളം ഏക്കറുകള്‍ നശിച്ചു.
ആഗസ്റ്റ് 11 വരെ കൊച്ചി ഇന്റര്‍നാഷ്ണല്‍ വിമാനത്താളത്തില്‍ നിന്നും സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. 914843053500 കണ്ട്രോള് റൂം നമ്പറില്‍ വിളിച്ച് യാത്രക്കാര്‍ക്ക് അന്വേഷിക്കാം. വിമാനത്താവളം തുറക്കും വരെ യാത്രകള്‍ ഗതിമാറ്റി വിടും.
മീന്പിടുത്തക്കാരോട് കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപ്, പുതുച്ചേരി തീരത്ത് അതിശക്തമായ കാറ്റിനും സാധ്യത.
ചേര്‍ത്തലയ്ക്കടുത്ത് റെയിവേ പാളത്തില്‍ മരം വീണത് മൂലം എറണാകുളത്തിനും ആലപ്പുഴയ്ക്കും മധ്യേയുള്ള ട്രെയിന്‍ യത്ര തടസ്സപ്പെട്ടു. ഇത് മൂലം ഏറനാട് എക്സ്പ്രസ്, ജനശതാബ്ദി എക്സ്പ്രസ് എന്നിവ കോട്ടയം വഴി തിരിച്ചുവിട്ടു. ആലപ്പുഴയില്‍ നിന്നുമുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു.
വയനാട്ടില്‍ ഏകദേശം 9,951 ആള്‍ക്കാരെയാണ് 105 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. മലപ്പുറത്ത് 26 ക്യാമ്പുകളിലായി 4,106 ആള്‍ക്കാരും, എറണാകുളത്ത് 41 ക്യമ്പുകളിലായി 812 പേരെയും മാറ്റി.




