മൂന്നാര്‍ : മൂന്നാറിലെ തോട്ടം മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. വേനല്‍ കടുത്തതോടെയാണ് കാട്ടാനകള്‍ നാട്ടിലേക്കിറങ്ങുന്നത്. രാപകല്‍ വ്യത്യാസമില്ലാതെ ജനവാസ കേന്ദ്രങ്ങളിലെത്തുന്ന കാട്ടാനകള്‍ തൊഴിലാളി കുടുംബങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണി ഉയര്‍ത്തുകയാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നുമണിക്ക് വട്ടക്കാട്ടിലെത്തിയ കാട്ടാന പ്രദേശത്തുണ്ടായിരുന്ന ക്ഷേത്രം തകര്‍ക്കുകയും പൂജക്കായി സൂക്ഷിച്ചിരുന്ന വസ്തുക്കള്‍ ഭക്ഷിക്കുകയും ചെയ്തു.
അഞ്ചുമണിയോടെ ചൊക്കനാട് വട്ടക്കാട്ടിലെത്തിയ ഒറ്റയാന് വീടിന് സമീപത്ത് നര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തകര്‍ത്തു. ഈ സമയം പശുവിന് വെളളം നല്കാന് പുറത്തിറങ്ങിയ സ്ത്രീ തലനാരിഴക്കാണ് രക്ഷപെട്ടത്. കാട്ടാന ശല്യം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ലെന്ന് പ്രദേശവാസികള്‍ക്ക് പരാതിയുണ്ട്.

