പത്തനംതിട്ട ഫെബ്രുവരി 29: കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു. എംഎല്‍എമാരായ രാജു ഏബ്രഹാം, വീണാ ജോര്‍ജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ് എന്നിവരാണ് ഇതുസംബന്ധിച്ച വിഷയം ഉന്നയിച്ചത്. കാട്ടുപന്നി ശല്യം രൂക്ഷമായ എല്ലാ ഗ്രാമപഞ്ചായത്തുകളും അടിയന്തിരമായി ജാഗ്രതാ സമിതികള്‍ ചേര്‍ന്ന് റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഡിഎഫ്ഒയ്ക്ക് നല്‍കണം. ഈ റിപ്പോര്‍ട്ട് പരിശോധിച്ച് ആവശ്യമുള്ള പക്ഷം പന്നിയ വെടിവയ്ക്കുന്നതിനുള്ള ഉത്തരവ് ഡിഎഫ്ഒ നല്‍കും.
ഗ്രാമപഞ്ചായത്തുകളില്‍ ഒരാഴ്ചയ്ക്കകം ജാഗ്രതാ സമിതികള്‍ ചേര്‍ന്ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. വന്യമൃഗശല്യം രൂക്ഷമാണെന്ന് രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. ചെറുകോല്‍, അയിരൂര്‍ എന്നിവിടങ്ങളില്‍ പന്നി ശല്യം രൂക്ഷമാണ്. വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്ന സാഹചര്യങ്ങളില്‍, ആളപായമില്ലാതെ ഇവയെ തിരികെ വനത്തിലേക്ക് കയറ്റി വിടുന്നതിന് മൊബൈലിലും മറ്റും ചിത്രങ്ങള്‍ എടുക്കുന്ന ആള്‍ക്കൂട്ടം തടസമാകുന്നത് ഒഴിവാക്കാന്‍ നിരോധനാജ്ഞ പുറപ്പെടുവിക്കണമെന്നും അദ്ദേഹം പറഞ്ഞു. പന്നി ശല്യം രൂക്ഷമായ എല്ലാ പഞ്ചായത്തുകളും അടിയന്തിരമായി ജാഗ്രതാ സമിതികള്‍ ചേര്‍ന്ന് റിപ്പോര്‍ട്ട് തയാറാക്കി നല്‍കണമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.

