കോഴിക്കോട്: സംസ്ഥാനത്തിന്റെ ഭാവി രാഷ്ട്രീയത്തിൽ വളരെ നിർണായകമായേക്കാവുന്ന നീക്കങ്ങളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി സിപിഎം നടത്തുന്നത്. പരമ്പരാഗതമായി യുഡിഎഫിനൊപ്പം നിന്ന ക്രിസ്ത്യൻ വോട്ടുകളെ വിഭജിച്ച് ഒരു വലിയ വിഭാഗത്തെ കൂടെ നിർത്തുന്നതിൽ അവർ ഏറെക്കുറേ വിജയിച്ചു കഴിഞ്ഞു. ഇതിന്റെ തുടർച്ചയായാണ് സിപിഎം മുസ്ലീം ലീഗിനെ ലക്ഷ്യമിടുന്നത് എന്ന് വ്യക്തം.
ജമാഅത്തെ ഇസ്ലാമിയുമായി ഒളിഞ്ഞും തെളിഞ്ഞും യുഡിഎഫ് സഖ്യമുണ്ടാക്കിയപ്പോൾ അതിനെ എങ്ങനെ തങ്ങളുടെ നേട്ടമാക്കാം എന്നാണ് സിപിഎം ആലോചിച്ചത്.
ജമാഅത്തെ ഇസ്ലാമിയെ കടന്നാക്രമിച്ച സി പി എം ശക്തരായ സമസ്തയെ പോലും കൂടെ നിർത്തുന്നതിൽ വിജയിച്ചിരിക്കുന്നു. ഒടുവിൽ സമസ്ത തന്നെ ജമാഅത്തെ ഇസ്ലാമി ബന്ധത്തെപ്രതി യുഡിഎഫിനെതിരെ പരസ്യ നിലപാടുമായി രംഗത്തുവരികയും ചെയ്തു.
തെരഞ്ഞെടുപ്പ് വിജയത്തിന്റെ തൊട്ടടുത്ത ദിവസം മുസ്ലീം ലീഗിനെതിരെ പിണറായി നടത്തിയ പ്രസ്താവനയെ സി പി എമ്മിനെതിരായ ആയുധമാക്കാൻ മുസ്ലീം ലീഗും കോൺഗ്രസ്സും ശ്രമിച്ചിരുന്നൂവെങ്കിലും രണ്ടു ദിവസത്തിലധികം ആ വിവാദത്തിനും ആയുസ്സുണ്ടായിരുന്നില്ല.
പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ വിള്ളലുണ്ടായി എന്ന കയ്പേറിയ യാഥാർത്ഥ്യത്തെയാണ് ഇക്കുറി യു ഡി എഫ് അഭിമുഖീകരിക്കുന്നത്. ഗ്രൂപ്പ് പോരും പോസ്റ്റർ യുദ്ധങ്ങളും കൊടുമ്പിരി കൊളളുന്ന കോൺഗ്രസ്സിന് ഇതിലൊന്നും ഇടപെടാനും പരിഹാരം കാണാനുമുള്ള സമയവുമില്ല



