തൃശൂര്‍: കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന ഷീനാ ജോസ് അന്തരിച്ചു. 55 വയസായിരുന്നു. കഴിഞ്ഞ കുറെക്കാലമായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. 80 കളില്‍ കേരളത്തിന്‍റെ പൊതു ഇടങ്ങളിലും ബദല്‍ സാമൂഹിക പ്രവര്‍ത്തനങ്ങളിലും വേറിട്ട ശബ്ദമായിരുന്നു ഷീനാ ജോസ്.
വിമര്‍ശനത്തിന്‍റെ മൂര്‍ച്ചയുളള വാക്കുകളെറിയുന്നതോടൊപ്പം ഉച്ചത്തില്‍ പൊട്ടിച്ചിരിച്ച് സ്‌നേഹം പുറപ്പെടുവിക്കുന്ന ഒരാള്‍. കേരളത്തിലെ ആദ്യ ഫെമിനിസ്റ്റ് ഗ്രൂപ്പുകളിലൊന്നായ ‘ചേതന’ ഷീനയുടെ നേതൃത്വത്തില്‍ നിന്നായിരുന്നു രൂപം കൊണ്ടത്. ചേതനയുടെ ആദ്യ പ്രസിഡന്‍റും അവരായിരുന്നു. പരിസ്ഥിതിയും രാഷ്ട്രീയവും സജീവ ചര്‍ച്ചാവിഷയങ്ങളായ ബദല്‍ ചിന്താവേദിയായ പാഠഭേദത്തിന്‍റെ മുഴക്കമുളള ശബ്ദമായിരുന്നു ഷീനാജോസ്
തൃശൂര്‍ ഭാഷയുടെ നര്‍മത്തോടെ സാധാരണക്കാര്‍ക്ക് മനസിലാവുന്ന ഭാഷയില്‍ ഏത് കാഠിന്യമുളള വിഷയവും അവതരിപ്പിക്കാനുളള അവരുടെ കഴിവ് പ്രശംസനീയമായിരുന്നു. കേരളത്തെ മുന്നോട്ട് ചലിപ്പിച്ച ഫെമിനിസ്റ്റ് രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചവരായിരുന്നു ഷീനയെന്ന് സാഹിത്യകാരി സാറാജോസഫ് ഫെയ്‌സ്ബുക്കില്‍ പറഞ്ഞു. 1990കളില്‍ കേരളത്തില്‍ വച്ച് സംഘടിപ്പിച്ച ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ ദേശീയ സമ്മേളനം മുതല്‍ പ്രധാനപ്പെട്ട എല്ലാ സ്ത്രീ മുന്നേറ്റങ്ങളിലും ഷീനാ ജോസ് നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്.
‘സൂര്യനെല്ലി’ വിഷയത്തിലടക്കം സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളിലെല്ലാം ഷീനാ ജോസും, ചേതനയും സംഘവും ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തുണ്ടായിരുന്നു. തിരുവനന്തപുരത്തും കോഴിക്കോടും പ്രവര്‍ത്തിച്ചിരുന്ന ‘പ്രചോദന’, ‘ബോധന’, ‘മാനുഷി’ തുടങ്ങിയ സംഘടനകളുമായും ബദല്‍ മാധ്യമ ഇടപെടലുകളായ പാഠഭേദം ,വാക്ക് തുടങ്ങിയ മാഗസിനുകളുടെ പ്രവര്‍ത്തനങ്ങളിലും ഷീന തന്‍റേതായ വ്യക്തി മുദ്രപതിപ്പിച്ചിരുന്നു.
കോളേജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ജന്‍റര്‍ ട്രെയിനിംഗുകളും, ശില്‍പ്പശാലകളും വഴി പുതുതലമുറയെ പ്രത്യേകിച്ച് പെണ്‍കുട്ടികളില്‍ വലിയ സ്വാധീനം ചെലുത്താനും ക്യംപസുകളില്‍ സജീവമായ ഇടപെടലുകള്‍ നടത്താനും അവര്‍ക്കായിട്ടുണ്ട്. സിനിമ, സാഹിത്യം ,ലൈംഗികതയും ലിംഗനീതിയും തുടങ്ങിയ പ്രധാന വിഷയങ്ങള്‍ മുന്‍ നിര്‍ത്തിയുളള പരിശീലന ശില്‍പ്പശാലകളിലൂടെയും ചലതിത്ര മേളകളിലൂടെയും ചര്‍ച്ചകളിലൂടെയും തന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി നിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.
വിബ്ജിയോര്‍ അന്തര്‍ദേശീയ ചലചിത്രമേളയുടെ സ്ഥാപക അംഗവും സജീവ പ്രവര്‍ത്തകയുമായിരുന്ന ഷീനാജോസ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ അന്തസോടെയുളള ജീവിതത്തിനും അവകാശ പോരാട്ടങ്ങല്‍ക്കും വേണ്ടി നിലനിന്ന മനുഷ്യ സ്‌നേഹിയായിരുന്നു.
സാംസ്‌ക്കാരിക രാഷ്ട്രീയ സംഘടനകളുമായും പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട വിവിധ സമര പരിപാടികളിലും, ശില്‍പ്പശാലകളിലും സജീവ സാന്നിദ്ധ്യമായിരുന്നു. പശ്ചിമഘട്ട യാത്രയിലും പെരിങ്ങോം സമരം അടക്കമുളള ആണവ വിരുദ്ധ സമരത്തിലും ജനകീയ ആരോഗ്യ പ്രസ്ഥാനത്തിലുമെല്ലാം നേതൃത്വപരമായ ഇടപെടലുകള്‍ ഷീന നടത്തിയിരുന്നു. ഏഴിമലയില്‍ നിന്നും ബലിയപാല്‍ സമരത്തിലേക്ക് ഷീന ജോസ് അടക്കമുളള പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നടത്തിയ ഐക്യദാര്‍ഢ്യയാത്ര ചരിത്രത്തിന്‍റെ ഭാഗമായി .



