ഹൈദരാബാദ്: സാമൂഹ്യസുരക്ഷാ പെൻഷനിൽ നിന്നും വിഹിതം നൽകാത്തതിന്റെ പേരിൽ ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ 92 കാരനായ ഭർത്താവ് 90 കാരിയായ ഭാര്യയെ മർദ്ദിച്ചു കൊന്നു. അമൃതലുരു ബ്ലോക്കിലെ യേലവരു ഗ്രാമത്തിൽ 02/11/20 തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മണ്ടെ സമിയേലു എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. ഭാര്യയായ എഫ്രയമ്മയെ ഇയാൾ വാക്കിംഗ് സ്റ്റിക്ക് കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ലെങ്കിലും സാമിയേലുവും എഫ്രയമ്മയും കഴിഞ്ഞ 10 വർഷമായി ഒരേ ഗ്രാമത്തിൽ വെവ്വേറെ താമസിക്കുകയായിരുന്നൂവെന്ന് സണ്ടുരു പോലീസ് ഇൻസ്പെക്ടർ ബി രമേശ് ബാബു പറഞ്ഞു.
“ഇവരുടെ മൂന്ന് പെൺമക്കളും മൂന്ന് ആൺമക്കളും അതത് കുടുംബങ്ങളോടൊപ്പം ഗ്രാമത്തിൽ തന്നെ വേറെ സ്ഥലങ്ങളിലാണ് താമസിച്ചിരുന്നത്. കുടുംബത്തിലെ ഒരാൾക്ക് മാത്രം സംസ്ഥാന സർക്കാർ 2,250 രൂപ വാർദ്ധക്യ പെൻഷൻ നൽകുന്നതിനാൽ, എഫ്രയമ്മയ്ക്ക് ഇത് ലഭിക്കുന്നുണ്ടായിരുന്നു. എല്ലാ മാസവും അവർ പെൻഷൻ തുകയുടെ ഒരു ഭാഗം സാമിയേലുമായി പങ്കിടുന്നുണ്ടായിരുന്നു.
01/11/20 ഞായറാഴ്ച രാത്രി, സാമിയേലു എഫ്രയമ്മയുടെ അടുത്തു പോയി അദ്ദേഹത്തിന്റെ ചെലവുകൾക്കായി 200 രൂപ ആവശ്യപ്പെട്ടെങ്കിലും അവർ അത് നൽകാൻ വിസമ്മതിച്ചു. രാത്രി വൈകുവോളം ഇരുവരും തമ്മിൽ വഴക്കുണ്ടാക്കി. രാത്രി വീട്ടിൽ പോയ സമിയേലു തിങ്കളാഴ്ച അതിരാവിലെ എഫ്രായമ്മയുടെ അടുത്തെത്തി വീണ്ടും വഴക്കിട്ടു. ഒടുവിൽ പ്രകോപിതനായ ഇയാൾ തന്റെ വടി ഉപയോഗിച്ച് ഭാര്യയുടെ തല അടിച്ചു തകർത്തു. മരണം സ്ഥിരീകരിച്ചതിന് ശേഷമാണ് അയാൾ സ്ഥലം വിട്ടത്,” രമേശ് ബാബു പറഞ്ഞു.




