ഡല്‍ഹി: കോവിഡിനെതിരേ കവലപ്രസംഗങ്ങള്‍ അല്ല വേണ്ടത് ഉറച്ച പ്രതിരോധ മാർഗങ്ങൾ ആണെന്ന് കോൺഗ്രസ്. രാജ്യത്തിന് വേണ്ടി ടെലിവിഷൻ പ്രഭാഷണത്തിനു പകരം കോവിഡ് നിയന്ത്രിക്കാനും സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും മതിയായ പരിഹാരമാര്‍ഗങ്ങള്‍ മുന്നോട്ട് വയ്ക്കുകയാണ് ചെയ്യേണ്ടതെന്നും കോൺഗ്രസ് വക്താക്കളായ രണ്‍ദീപ് സിങ്
സുര്‍ജേവാലയും പവന് ഖേരയും നല്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്തെ ഉത്സവ സീസണിന് മുന്നോടിയായി നടത്തിയ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടെലിവിഷന്‍ പ്രഭാഷണത്തിനു
പിന്നാലെയാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താക്കൾ എത്തിയത്.
നേതൃത്വത്തിൻ്റെ പരാജയത്തിന് പ്രധാനമന്ത്രി മറുപടി നല്‍കണമെന്നും അവർ ആവശ്യപ്പെട്ടു. ഇന്ത്യ ലോകത്തിൻ്റെ ‘കൊറോണ തലസ്ഥാനമായി’ മാറി.
ദൈനംദിന കോവിഡ് കേസുകളും മരണങ്ങളും ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ. ഇത്തരത്തിൽ മാറ്റിയത് മോദിയുടെ പിടിപ്പുകേടാണെന്നും അവർ പറഞ്ഞു.
‘സാരോപദേശം നടത്തുന്നത് എളുപ്പമാണ്. രാജ്യത്തിന് വേണ്ടത് പ്രസംഗങ്ങളല്ല, പ്രശ്നങ്ങള്‍ക്ക് ഉറച്ച പരിഹാരമാണ്’ തുളസിദാസിന്റ ഒരു വാചകം ഉദ്ധരിച്ച് സുർജേവാല പറഞ്ഞു.
മോദിയുടെ ടെലിവിഷന്‍ പ്രഭാഷണത്തിൽ പറഞ്ഞ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. വൈറസ് ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ അശ്രദ്ധമായിരിക്കേണ്ട സമയമല്ല ഇതെന്നും മാസ്ക് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘കൊറോണയ്ക്കെതിരായ പോരാട്ടം നടക്കുമ്പോള്‍, നേതാവ് അദൃശ്യനായിത്തീര്‍ന്നിരിക്കുന്നു ‘എന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ടിവിയില്‍ പ്രസംഗങ്ങള്‍ മാത്രമാണ് കാണുന്നത്. മഹാഭാരത യുദ്ധം നടന്നത് 18 ദിവസമാണെന്നും 21 ദിവസത്തിനുള്ളില്‍ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ വിജയിക്കുമെന്നുമാണ് മാര്‍ച്ച് 24ന് പ്രധാനമന്ത്രി പറഞ്ഞത്. പക്ഷേ, 210 ദിവസത്തിനുശേഷവും കൊറോണ വൈറസിനെതിരായ പോരാട്ടം തുടരുകയാണ്. ആളുകള്‍ മരിക്കുന്നു. പരിഹാരവുമായി പുറത്തിറങ്ങുന്നതിനുപകരം മോദിജി ഇപ്പോഴും ടെലിവിഷനില്‍ പ്രസംഗങ്ങള്‍ നടത്തുകയാണ്’ എന്നും അവര്‍ വിമർശിച്ചു

