കൊച്ചി : സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്ന സുരേഷിനോട് മന്ത്രി കെ ടി ജലീൽ രണ്ടു കാര്യങ്ങൾ ആവശ്യപ്പെട്ടതായി കേന്ദ്ര ഏജൻസികൾക്ക് സ്വപ്ന സുരേഷ് നൽകിയ മൊഴിയില്‍ വ്യക്തമാക്കുന്നു. ദുബായിൽ ജോലി ചെയ്യുന്ന ഒരാളെ യു എ ഇ കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെ നാടുകടത്തി കേരളത്തിൽ എത്തിക്കണം എന്നായിരുന്നു ഒരാവശ്യം. അലാവുദ്ദീൻ എന്ന് ആൾക്ക് കോൺസുലേറ്റിൽ ജോലി ശരിയാക്കണം എന്നതാണ് രണ്ടാമത്തെ ആവശ്യം. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ കേന്ദ്രഏജൻസികൾ അന്വേഷണം തുടങ്ങി.
കേന്ദ്രസർക്കാരിനെ അറിയിക്കാതെ എന്തിനാണ് പ്രവാസി മലയാളിയെ നാട് കടത്താൻ ശ്രമിച്ചത് എന്ന അന്വേഷണം ഊർജ്ജിതമാകുന്നു. ആ അലാവുദ്ദീൻ ഈ അലാവുദ്ദീൻ ആണ് എന്ന തലക്കെട്ടോടെ മന്ത്രി കെ ടി ജലീൽ സാമൂഹ്യ മാധ്യമങ്ങളിൽ വന്നിരുന്നു. മുസ്ലിം ലീഗിൻറെ മലപ്പുറം ജില്ലാ അധ്യക്ഷൻ ബഹുമാന്യനായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സെക്രട്ടറിയായി 9 വർഷം സേവനമനുഷ്ഠിച്ച അലാവുദ്ദീൻ ഹുദവിയുടെ ബയോഡാറ്റ ആണ് യുഎഇ കോൺസുലേറ്റിലേക്ക് അയച്ചുകൊടുത്തത്.
അലാവുദ്ദീൻറെ അക്കാദമിക് യോഗ്യതകളെക്കുറിച്ചും പ്രവർത്തിപരിചയ ത്തെക്കുറിച്ചും സാമൂഹ്യമാധ്യമത്തിൽ വിസ്തരിച്ചു. യോഗ്യതയുള്ള വ്യക്തി എന്ന നിലയ്ക്ക് രാഷ്ട്രീയമോ പാർട്ടിയോ നോക്കാതെ ബയോഡേറ്റ കോൺസുലേറ്റിലെക്ക് അയച്ചുകൊടുക്കുകയും പരിചയപ്പെടുത്തുകയും ചെയ്തു. അവിഹിതമായ ഇടപെടലുകൾ ഒന്നും ഇതുമായി നടത്തിയിട്ടില്ല ഹിസ് ഹൈനസ് സുൽത്താന്റെ സന്ദർശന സമയം മുതൽ യുഎഇ കോൺസുലേറ്റുമായുള്ള ബന്ധത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും അന്വേഷണ ഏജൻസികൾക്ക് മുമ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നും മറച്ചു വെച്ചിട്ടില്ല ഇതെല്ലാമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ കെ ടി ജലീൽ പറഞ്ഞത് .

