കൊച്ചി: ജീവനക്കാരുടെ അനാസ്ഥ കാരണം കളമശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി മരിച്ച സംഭവത്തില്‍ പൊലീസ് ബുധനാഴ്ച (21/10/20) ആശുപത്രി അധികൃതരുടെയും മരിച്ച ഹാരിസിന്‍റെ ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തും. കൊവിഡ് വാർഡുകളിലെ ജീവനക്കാരുടെ അനാസ്ഥ മൂലം രോഗികൾ മരണപ്പെട്ടുവെന്നും വാർഡുകളിൽ രോഗികൾക്ക് മതിയായ പരിചരണം ലഭിക്കുന്നില്ലെന്നുമുള്ള മെഡിക്കൽ കോളജിലെ നഴ്സിങ് ഓഫീസർ ജലജ ദേവിയുടെ ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
നഴ്സിങ് ഒഫീസറുടെ ശബ്ദ സന്ദേശം ശരിവെച്ച് ആശുത്രിയിലെ ഡോക്ടർ നജ്മയും രംഗത്തെത്തിയിരുന്നു. കൊവിഡ് വാർഡുകളിലെ ആരോഗ്യ പ്രവർത്തകരുടെ അശ്രദ്ധയും നിസംഗതയും പങ്കുവെച്ച ഡോക്ടര്‍ നജ്മയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. അതേസമയം സംഭവത്തില്‍ ആരോഗ്യമന്ത്രി പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണവും തുടരുകയാണ്. .
അതിനിടെ ആശുപത്രിയിലെ ജീവനക്കാർക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളും സൂപ്രണ്ടും നിഷേധിച്ചു. കടുത്ത ന്യൂമോണിയയെ തുടര്‍ന്നുണ്ടായ ഹൃദയ സതഭനത്തെ തുടർന്നാണ് ഹാരിസ് മരിച്ചതെന്നാണ് അധികൃതരുടെ വാദം. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതരെ പിന്തുണച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയും രംഗത്തെത്തി. മെഡിക്കല്‍ കോളേജിനെ തകര്‍ക്കാന്‍ ഉള്ള ഗൂഢ ലക്ഷ്യമാണ് ആരോപണത്തിന് പിന്നിലെന്നാണ് സംഘടനയുടെ വിമര്‍ശനം.

