തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടുന്നതിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്ന് കണ്ടെത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരും ചിത്രവും ഉപയോഗിച്ച് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയതിന് ശേഷം ചാറ്റ് ചെയ്ത് പണം തട്ടുകയായിരുന്നു ഇവരുടെ പതിവ്.
ഋഷിരാജ് സിംഗിന്റെ പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയവർ അഞ്ച് മൊബൈൽ നമ്പരുകൾ വരെ ഉപയോഗിച്ചിട്ടുണ്ട്. ഈ നമ്പരുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ തട്ടിപ്പുസംഘം ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലുള്ളതാണെന്ന് വ്യക്തമായി. കൂടാതെ വ്യാജ മേൽവിലാസം ഉപയോഗിച്ചാണ് ജയിൽ മേധാവി ഋഷിരാജ് സിംഗിന്റെയും, ഐ.ജി പി. വിജയന്റെയും പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്.
ഉണ്ടാക്കിയവർ രണ്ട് മൊബൈൽ നമ്പർ ഉപയോഗിച്ചാണ് പി. വിജയന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ചിരിക്കുന്നത്. ഇവർ രാജസ്ഥാൻ, ഹരിയാന എന്നിവടങ്ങളിൽ നിന്നുള്ളവരാണ്. തട്ടിപ്പിന് പിന്നിൽ 500 ലധികം പേരുടെ വൻ സംഘം ഉണ്ടെന്ന് തെലങ്കാന അന്വേഷണ സംഘം വ്യക്തമാക്കി. വ്യാജ തിരിച്ചറിയൽ കാർഡുകളും ഇവർ ഉപയോഗിച്ചിട്ടുണ്ട്.



