റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: ഹാത്രാസ് ബലാത്സംഗക്കൊല ഞെട്ടിപ്പിക്കുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ. കേസന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാകണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസിൻ്റെ പരാമർശമുണ്ടായത്.

കേസിലെ സാക്ഷികളെ എങ്ങനെ സംരക്ഷിക്കുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സത്യവാങ്മൂലത്തില്‍ ഇക്കാര്യം കോടതിയെ അറിയിക്കണം. അലഹബാദ് ഹൈക്കോടതിയില്‍ നടക്കുന്ന കേസ് നടപടികളെ കുറിച്ച് നേരിട്ട് അറിയിക്കണമെന്നും കോടതി പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തിന് അഭിഭാഷകനുണ്ടോയെന്ന കാര്യത്തിൽ സത്യവാങ്മൂലം നല്‍കണമെന്നും കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. അന്വേഷണം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

അതേ സമയം ഹർജിക്കാരുടെ ആവശ്യത്തെ ഉത്തർപ്രദേശ് സർക്കാർ കോടതിയിൽ എതിർത്തില്ല. അന്വേഷണത്തിന് കോടതി നിയോഗിക്കുന്ന സംഘം തന്നെ വേണമെന്ന് ഹരജിക്കാരുടെ അഭിഭാഷക ചൂണ്ടിക്കാട്ടി. കുടുംബത്തിന്റെ ആവശ്യം അതാണെന്നും അഭിഭാഷകയായ ഇന്ദിര ജെയ്‌സിങ് പറഞ്ഞു.

കേസിനെ സംബന്ധിച്ച് കോടതി മേല്‍നോട്ടത്തില്‍ ഉള്ള അന്വേഷണത്തിന് ഉത്തരവിടണമെന്ന് യു.പി സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. അതേസമയം കുടുംബം ആവശ്യപ്പെട്ടാല്‍ സീനിയറും ജൂനിയറും ആയ പ്രഗത്ഭ അഭിഭാഷകരുടെ സേവനം ഉറപ്പാക്കുമെന്ന് കോടതി വ്യക്തമാക്കി.
ഒരാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.

അതിനിടെ ഹാത്രാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് വിധേയയായിട്ടില്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ഉത്തർപ്രദേശ് പൊലീസ്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും ഇക്കാര്യമാണ് പറഞ്ഞിട്ടുള്ളത്. കലാപം ഒഴിവാക്കാന്‍ പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ സമ്മതത്തോടെ രാത്രി സംസ്‌ക്കരിക്കുകയായിരുന്നു എന്നും സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ വാദത്തിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി. പച്ചക്കള്ളമാണ് സര്‍ക്കാര്‍ പറയുന്നതെന്നും തങ്ങളുടെ സമ്മതമില്ലാതെയാണ് മൃതദേഹം സംസ്‌ക്കരിച്ചതെന്നും കുടുംബം ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *