ലണ്ടൻ: ലോകത്താകെ പരീക്ഷണത്തിൻ്റെ അന്തിമഘട്ടത്തിലെത്തിയ കോവിഡ് വാക്സിനുകളുടെ 50% ഡോസുകളും വാങ്ങാൻ 13% മാത്രം ജനസംഖ്യയുള്ള അതി സമ്പന്നരാഷ്ട്രങ്ങൾ കരാറുണ്ടാക്കിക്കഴിഞ്ഞതായി റിപ്പോർട്. അനലിറ്റിക്സ് സ്ഥാപനമായ ‘എയർഫിനിറ്റി’ ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച് ഓക്സ്ഫാമാണ് റിപ്പോർട് തയ്യാറാക്കിയത്.
നിലവിൽ പരീക്ഷണത്തിൻ്റെ അവസാന ഘട്ടത്തിലേക്കെത്തിയ 5 കൊവിഡ് വാക്സിനുകളും പൂർണ വിജയത്തിലെത്തിയാലും അവരുടെ ഉൽപാദന ശേഷി വച്ച് ലോകത്തിലെ 61 ശതമാനം മനുഷ്യർക്കും വാക്സിൻ ലഭ്യമാകണമെങ്കിൽ 2022 വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് ഓക്സ്ഫാം പറയുന്നത്. 5 വാക്സിനുകളും അന്തിമ അനുമതി നേടാനുള്ള സാധ്യത വിരളമാണെന്നിരിക്കെ 70 ശതമാനമോ അതിലേറെയോ മനുഷ്യർക്ക് വാക്സിനു വേണ്ടി ഒന്നര വർഷമെങ്കിലും കാത്തിരിക്കേണ്ടി വരും എന്ന് ഉറപ്പാണ്.
സാമ്പത്തിക താൽപര്യങ്ങളുള്ള വാക്സിൻ നിർമാതാക്കൾ സമ്പന്ന രാജ്യങ്ങളുമായി കരാറുണ്ടാക്കിയപ്പോൾ വികസ്വര – അവികസിത രാജ്യങ്ങളിലെ കോടിക്കണക്കിനു മനുഷ്യർ തഴയപ്പെടുകയാണ്.
ലോകത്തിലെ സാമ്പത്തിക അസംതുലിതാവസ്ഥ കോവിഡ് പ്രതിരോധ രംഗത്ത് അതി തീവ്രമായി പ്രകടമാകാൻ പോകുകയാണെന്ന് ഓക്സ്ഫാം ഇൻറർനാഷണൽ ഡയറക്ടർ ഷെമ വേറ പറയുന്നു.
” എല്ലാ മനുഷ്യരുടെയും ജീവൻ രക്ഷിക്കാനുള്ളതാകണം വാക്സിൻ. അത് മാനവരാശിയുടെയാകെ സ്വത്തായി മാറണം, മരുന്നു കമ്പനികളുടെ സാമ്പത്തിക താൽപര്യങ്ങൾ അതിനു വിലങ്ങുതടിയായി നിൽക്കുകയാണ്. ഫാർമസ്യൂട്ടിക്കൽ കോർപറേറ്റുകളുടെ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന നിലപാടുകളിൽ നിന്ന് എല്ലാ സർക്കാരുകളും പിൻതിരിയണം .അങ്ങനെ മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കുകയുള്ളൂ. ഒരു ‘ജനകീയ വാക്സിൻ ‘ ആണ് ലോകത്തിന് ഇന്ന് ആവശ്യം. വാക്സിൻ പരീക്ഷണം നടത്തി വിജയിക്കുന്നവർ ആ അറിവ് മറ്റുള്ളവർക്കു കൂടി പകർന്നു നൽകണം. ബൗദ്ധിക സ്വത്തവകാശ നിയമങ്ങളും പേറ്റൻ്റുകളും തൽക്കാലം മാറി നിൽക്കണം. ലോകത്തിന്റെ വാക്സിൻ ആവശ്യം നിറവേറ്റാൻ ഒരു കോർപ്പറേറ്റിനും ഒരിക്കലും സാധിക്കുകയില്ല. നമുക്ക് ഒരു പീപ്പിൾസ് വാക്സിനാണ് ആവശ്യം, ലാഭ വാക്സിൻ അല്ല. ”ഷെമ വേറ പറയുന്നു.
ഭൂമിയിലെ എല്ലാവർക്കും വാക്സിൻ നൽകുന്നതിനുള്ള ഏകദേശ ചെലവ് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് കോവിഡ് 19 ഏൽപിക്കുന്ന ചെലവിന്റെ ഒരു ശതമാനത്തിൽ താഴെയാണെന്ന് ഓക്സ്ഫാം റിപ്പോര്ട്ട് വ്യക്തമാക്കുന്നു. ഐഎംഎഫിന്റെ ഏറ്റവും പുതിയ ലോക സാമ്പത്തിക വീക്ഷണമനുസരിച്ച് 2020- 2021 വർഷങ്ങളിൽ ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് സംഭവിച്ച നഷ്ടം 12 ട്രില്യൺ ഡോളറാണ്. ഭൂമിയിലെ എല്ലാവർക്കും വേണ്ടിയുള്ള ഒരു വാക്സിൻ ഗവേഷണം ചെയ്യാനും നിർമ്മിക്കാനും സംഭരിക്കാനും വിതരണം ചെയ്യാനും കണക്കാക്കിയ ചെലവ് 70.6 ബില്യൺ ഡോളർ മാത്രമാണ്. അതിനാൽ, ഭൂമിയിലെ എല്ലാവർക്കും വാക്സിൻ നൽകുന്നതിനുള്ള ചെലവ് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് കോവിഡ് 19 ഉണ്ടാക്കുന്ന ആഘാതത്തിൻ്റെ 0.59% മാത്രമാണെന്ന് ഓക്സ്ഫാം പറയുന്നു.
‘പീപ്പിൾസ് വാക്സിൻ’ പ്രചാരണം നടത്തുകയെന്ന പൊതു ലക്ഷ്യത്തോടെ വിവിധ സന്നദ്ധ സംഘടനകളുടെ ഒരു കൂട്ടായ്മ പീപ്പിൾസ് വാക്സിൻ അലയൻസ് എന്ന പേരിൽ രൂപം കൊണ്ടു കഴിഞ്ഞു. വാക്സിനേഷൻ അറിവുകൾ മറ്റ് കമ്പനികളുമായും ഗവേഷണ സ്ഥാപനങ്ങളുമായും പങ്കിടാനാണ് സഖ്യം ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷനുകളോട് ആവശ്യപ്പെടുന്നത്.

