നൈജീരിയ: വടക്കന്‍ നൈജീരിയയില്‍ മതനിന്ദ ആരോപിച്ച് 13 വയസുള്ള ആണ്‍കുട്ടിയെ 10 വര്‍ഷം തടവിന് ശിക്ഷിച്ചു. സംഭവത്തെ യുണിസെഫ് ഏജന്‍സി അപലപിച്ചു.വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ കാനോ സ്റ്റേറ്റിലെ ശരീഅത്ത് കോടതിയാണ് ഒമര്‍ ഫാറൂഖ് എന്ന കുട്ടിയെ ശിക്ഷിച്ചത്.
കുട്ടിയുടെ അവകാശങ്ങളും ക്ഷേമവും നൈജീരിയന്‍ ഭരണഘടനയും ലംഘിക്കുന്നതാണ് ശിക്ഷയെന്ന് ഫറൂഖിന്റെ അഭിഭാഷകന്‍ കോല അലപിന്നി പറഞ്ഞു.
മുഹമ്മദ് നബിയെ നിന്ദിച്ചതിന് അടുത്തിടെ സ്റ്റുഡിയോ അസിസ്റ്റന്റ് യഹായ ഷെരീഫ്-അമിനുവിനെ വധശിക്ഷയ്ക്ക് വിധിച്ച അതേ കോടതിയുടേതാണ് ഈവിധിയും. മകന്റെ അറസ്റ്റിനെത്തുടര്‍ന്ന് ജനക്കൂട്ടത്തെ ഭയന്ന് ഫറൂഖിന്റെ അമ്മ അയല്‍ നാട്ടിലേക്ക് പലായനം ചെയ്തതായും അഭിഭാഷകന്‍ പറഞ്ഞു.കേസ് അടിയന്തിരമായി അവലോകനം ചെയ്യാനും ശിക്ഷാവിധി മാറ്റാനും യുനിസെഫ് നൈജീരിയന്‍ സര്‍ക്കാരിനോടും കാനോ സ്റ്റേറ്റ് സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംഘടന പ്രസ്താവനയില്‍ പറഞ്ഞു. 18 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികളും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുന്നതിനായി കാനോ സംസ്ഥാനം ശിശു സംരക്ഷണ ബില്‍ ഉടന്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെയാണ് ഈ കേസ് ചൂണ്ടികാട്ടുന്നതെന്നും സംഘടന പറഞ്ഞു.

