ലണ്ടൻ: വെറും 73 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയ ഓസ്ട്രേലിയ അതിശക്തമായി തിരിച്ചു വന്ന് ഇംഗ്ലണ്ടിനെ തകർത്തു. ഏകദിന ക്രിക്കറ്റിൻ്റെ സൗന്ദര്യം മുഴുവൻ ആവാഹിച്ച മൽസരമായിരുന്നു ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ഏകദിന മൽസരം. മൂന്ന് വിക്കറ്റിനായിരുന്നു ഓസീസിൻ്റെ വിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്ബര 2-1 ന് ഓസ്‌ട്രേലിയ സ്വന്തമാക്കി.
ഇംഗ്ലണ്ടിൻ്റെ 303 റണ്‍സിനെ 49.4 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തില്‍ ഓസ്‌ട്രേലിയ മറികടക്കുകയായിരുന്നു. സെഞ്ചുറി നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലും അലക്‌സ് കാരിയുമാണ് ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം നേടിക്കൊടുത്തത്. 73 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു ഓസ്‌ട്രേലിയ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ആറാം വിക്കറ്റായി എത്തിയ മാക്‌സ്‌വെല്ലും കാരിയും 212 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.90 പന്തില്‍ നാല് ഫോറും ഏഴ് സിക്സുമടക്കം 108 റണ്‍സ് മാക്‌സ്‌വെല്‍ നേടിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി 114 പന്തില്‍ 7 ഫോറും 2 സിക്സുമടക്കം 106 റണ്‍സ് നേടി.അലക്‌സ് കാരിയുടെ ആദ്യ ഏകദിന സെഞ്ചുറിയും ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ രണ്ടാം ഏകദിന സെഞ്ചുറിയുമാണിത്.ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സ്, ജോ റൂട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 126 പന്തില്‍ 112 റണ്‍സ് നേടിയ ജോണി ബെയര്‍സ്റ്റോയാണ് മികച്ച സ്കോറില്‍ എത്തിച്ചത്. ബില്ലിങ്‌സ് 58 പന്തില്‍ 57 റണ്‍സും ക്രിസ് വോക്‌സ് 39 പന്തില്‍ 53 റണ്‍സും നേടി. മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സിരീസും ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് .

