ന്യൂഡൽഹി ഓഗസ്റ്റ് -11
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15ന് ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. ‘വന്ദേ മാതരം’ രചിക്കപ്പെട്ടതിന്റെ 150 വർഷം പൂർത്തിയാകുന്ന വേളയിൽ, ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് ആദ്യമായി ദേശീയഗാനം ആലപിക്കുന്നതാണ് ഇത്തവണത്തെ പ്രധാന പ്രത്യേകത.
പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തുമ്പോഴാണ് ‘വന്ദേ മാതരം’ ആലപിക്കുക. തുടർന്ന് ദേശീയപതാക ഉയർത്തും. 2047-ലെ വികസിത ഭാരതത്തിന്റെ നിർമ്മാണത്തിൽ യുവാക്കളുടെ പങ്ക് അടയാളപ്പെടുത്തുന്ന ‘യുവശക്തി’യും ആഘോഷത്തിന്റെ പ്രധാന പ്രമേയമാകും. വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച അയ്യായിരത്തോളം പേരെ പ്രത്യേക അതിഥികളായി ക്ഷണിച്ചിട്ടുണ്ടെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ് അറിയിച്ചു.
സ്വാതന്ത്ര്യസമരകാലത്ത് ജനങ്ങളെ ഒന്നിപ്പിച്ച ‘വന്ദേ മാതരം’ ദേശീയഗാനത്തിന്റെ പാരമ്പര്യം പുതിയ തലമുറയിലെത്തിക്കുകയാണ് ആഘോഷത്തിന്റെ പ്രധാന ലക്ഷ്യം. യുവാക്കളുടെ നേട്ടങ്ങളും രാജ്യത്തിന്റെ ശാസ്ത്ര-സാങ്കേതിക മുന്നേറ്റവും ചടങ്ങിൽ അവതരിപ്പിക്കും. പൊതുജനങ്ങളുടെ സൗകര്യത്തിനും മഴക്കാല സാഹചര്യങ്ങൾ നേരിടുന്നതിനുമായി ചെങ്കോട്ടയിലും പരിസരത്തും പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ചെങ്കോട്ടയിൽ ‘വന്ദേ മാതരം’ നിറയും
ചെങ്കോട്ടയ്ക്ക് മുന്നിലെ ജ്ഞാനപഥിൽ എൻ.സി.സി. കേഡറ്റുകളും മൈ ഭാരത് സന്നദ്ധപ്രവർത്തകരുമായി 2,500 പേർ ചേർന്ന് ‘വന്ദേ മാതരം’ എന്നെഴുത്തിന്റെ രൂപത്തിൽ അണിനിരക്കും. പൂക്കളാലുള്ള അലങ്കാരങ്ങളിലും ഇതേ പ്രമേയം പ്രതിഫലിക്കും. വ്യോമസേനയുടെ എം.ഐ.-17 ഹെലികോപ്റ്റർ ‘വന്ദേ മാതരം’ 150 വർഷം എന്ന സന്ദേശമുള്ള ബാനറുമായി പറന്ന് ചെങ്കോട്ടയിൽ എത്തിയവർക്കുമേൽ പുഷ്പവർഷം നടത്തും.
രാജ്യത്തെ 343 കേന്ദ്രങ്ങളിൽ സൈനിക ബാൻഡ്
സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഓഗസ്റ്റ് എട്ട് മുതൽ രാജ്യത്തെ 343 പ്രധാന കേന്ദ്രങ്ങളിൽ സൈനിക ബാൻഡ് പ്രകടനങ്ങൾ നടക്കുകയാണ്. കരസേന, നാവികസേന, വ്യോമസേന, തീരസംരക്ഷണസേന, എൻ.സി.സി., സി.ആർ.പി.എഫ്., ഐ.ടി.ബി.പി., സി.ഐ.എസ്.എഫ്., ബി.എസ്.എഫ്., അസം റൈഫിൾസ് ഉൾപ്പെടെയുള്ള വിഭാഗങ്ങളാണ് പങ്കെടുക്കുന്നത്. പരിപാടികൾ ഓഗസ്റ്റ് 15 വരെ തുടരും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
യുവശക്തിക്ക് പ്രത്യേക ആദരം
2026-ലെ അന്താരാഷ്ട്ര ഭൗതികശാസ്ത്ര, രസതന്ത്ര, ജീവശാസ്ത്ര, ഗണിത ഒളിമ്പ്യാഡുകളിൽ മെഡൽ നേടിയ 19 വിദ്യാർഥികൾക്ക് ചടങ്ങിൽ പ്രത്യേക സ്ഥാനം നൽകും. ആണവ-ബഹിരാകാശ സാങ്കേതിക രംഗങ്ങളിൽ ഇന്ത്യ നേടിയ പുരോഗതി പശ്ചാത്തല ദൃശ്യങ്ങളിലൂടെ അവതരിപ്പിക്കും. വികസിത ഭാരത് ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ യാത്രയും പൂക്കളാലുള്ള അലങ്കാരങ്ങളിൽ പ്രതിഫലിക്കും.
അയ്യായിരം പ്രത്യേക അതിഥികൾ
യുവ കണ്ടുപിടിത്തക്കാർ, മികച്ച പരിശീലനാർഥികൾ, പുതുസംരംഭകർ, വനിതാ സംരംഭകർ, ശാസ്ത്രജ്ഞർ, കരകൗശല തൊഴിലാളികൾ, മത്സ്യകർഷകർ, തെരുവുകച്ചവടക്കാർ, ശുചീകരണ തൊഴിലാളികൾ, ഡൽഹി മെട്രോ ജീവനക്കാർ, സർക്കാർ ആശുപത്രി ജീവനക്കാർ തുടങ്ങി വിവിധ മേഖലകളിലുള്ളവരാണ് പ്രത്യേക അതിഥികളാകുന്നത്. വിവിധ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നുമായി ഡൽഹിയിൽ താമസിക്കുന്ന 1,500-ലധികം പേർ പരമ്പരാഗത വേഷത്തിൽ ചടങ്ങിനെത്തും. വിവിധ മത്സരങ്ങളിലെ അറുനൂറോളം വിജയികളും പങ്കെടുക്കും.
സന്ദർശകർക്ക് വിപുലമായ സൗകര്യങ്ങൾ
ആറ് കേന്ദ്രങ്ങളിലായി 25 സാധനസൂക്ഷിപ്പ് മുറികൾ ഒരുക്കിയിട്ടുണ്ട്. നൂറ് മൈ ഭാരത് സന്നദ്ധപ്രവർത്തകരും നൂറ് എൻ.സി.സി. കേഡറ്റുകളും സന്ദർശകരെ സഹായിക്കും. ഇരുപത് വീൽചെയറുകളും ലഭ്യമാക്കും. ഓഗസ്റ്റ് 15ന് പുലർച്ചെ നാലുമുതൽ മെട്രോ സർവീസ് ആരംഭിക്കും. ക്ഷണിതാക്കൾക്ക് മെട്രോ യാത്ര സൗജന്യമായിരിക്കും. മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മഴക്കുപ്പായങ്ങളും നൽകും. ചെങ്കോട്ടയിലെയും സമീപപ്രദേശങ്ങളിലെയും വെള്ളക്കെട്ട് ഒഴിവാക്കാൻ ഓടകളും മലിനജല സംവിധാനങ്ങളും വൃത്തിയാക്കുന്നുണ്ട്.
.