ന്യൂഡൽഹി / 2026 / ഒക്ടോബർ 02
കെട്ടിക്കിടക്കുന്ന കാര്യങ്ങൾ വേഗത്തിൽ തീർപ്പാക്കാനും ഓഫീസുകളിലെ ശുചിത്വവും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്താനും കേന്ദ്ര തൊഴിൽ, തൊഴിൽദാന മന്ത്രാലയത്തിന്റെ പ്രത്യേക പ്രവർത്തനപരിപാടി ആറിന്റെ നടപ്പാക്കൽ ഘട്ടം ഇന്ന് ആരംഭിക്കുന്നു. രാജ്യവ്യാപകമായി ഒക്ടോബർ 31 വരെയാണ് പ്രവർത്തനം. സെപ്റ്റംബർ 15 മുതൽ 30 വരെ നടന്ന തയ്യാറെടുപ്പ് ഘട്ടത്തിൽ നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിക്കുകയാണ് ഉദ്ദേശ്യം. നടപടികൾ ലളിതമാക്കി ജനങ്ങൾക്ക് വേഗത്തിൽ സേവനം നൽകാനും ലഭ്യമായ സ്ഥലം കാര്യക്ഷമമായി ഉപയോഗിക്കാനും മന്ത്രാലയം ശ്രദ്ധ നൽകും.
കെട്ടിക്കിടക്കുന്ന കാര്യങ്ങളിൽ വേഗത്തിൽ തീരുമാനം
പാർലമെന്റ് അംഗങ്ങളിൽനിന്നും സംസ്ഥാന സർക്കാരുകളിൽനിന്നും ലഭിച്ച വിഷയങ്ങൾ, മന്ത്രാലയങ്ങൾ തമ്മിലുള്ള കത്തിടപാടുകൾ, പാർലമെന്റിൽ നൽകിയ ഉറപ്പുകൾ എന്നിവയിലെ തീർപ്പാകാത്ത കാര്യങ്ങൾ വേഗത്തിൽ പരിഹരിക്കും. പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് ലഭിച്ച വിഷയങ്ങളും പൊതുജനങ്ങളുടെ പരാതികളും ഇതിൽ ഉൾപ്പെടും. ഭരണനടപടികൾ ക്രമപ്പെടുത്തി കെട്ടിക്കിടക്കുന്ന കാര്യങ്ങൾ കുറയ്ക്കാനും ജനങ്ങളുടെ താൽപര്യം മുൻനിർത്തി വേഗത്തിൽ തീർപ്പാക്കാനുമാണ് ശ്രമം.
അനാവശ്യ നിബന്ധനകൾ ഒഴിവാക്കും
നിലവിലുള്ള ചട്ടങ്ങളും നിയന്ത്രണങ്ങളും നടപടിക്രമങ്ങളും സമഗ്രമായി പരിശോധിക്കും. അനാവശ്യമായി പാലിക്കേണ്ടിവരുന്ന നിബന്ധനകൾ കണ്ടെത്തി ഒഴിവാക്കുകയാണ് ലക്ഷ്യം. നടപടികൾ ലളിതമാക്കി കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമായ നിയന്ത്രണ സംവിധാനം ഒരുക്കാനും പരിപാടി ലക്ഷ്യമിടുന്നു.
വൃത്തിയുള്ള ഓഫീസുകൾ, കൂടുതൽ ഉപയോഗയോഗ്യമായ സ്ഥലം
മന്ത്രാലയത്തിലും അതിനോട് ചേർന്നുള്ള ഓഫീസുകളിലും കീഴിലുള്ള ഓഫീസുകളിലും സ്വയംഭരണ സ്ഥാപനങ്ങളിലും ശുചിത്വവും സ്ഥലത്തിന്റെ ഉപയോഗവും മെച്ചപ്പെടുത്തും. അനാവശ്യമായി കൂട്ടിയിട്ടിരിക്കുന്ന സാധനങ്ങൾ കുറച്ച് ലഭ്യമായ സ്ഥലം പരമാവധി ഉപയോഗിക്കും. വൃത്തിയും ക്രമവുമുള്ള, കാര്യക്ഷമമായി ജോലി ചെയ്യാനാകുന്ന ഇടങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം. ബാധകമായ പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിച്ച് ഇലക്ട്രോണിക് മാലിന്യം ശേഖരിക്കാനും വേർതിരിക്കാനും സംസ്കരിക്കാനും പ്രത്യേക ശ്രദ്ധ നൽകും.
ഒരു ലക്ഷത്തിലധികം ഫയലുകൾ പരിശോധിക്കാൻ ലക്ഷ്യം
തയ്യാറെടുപ്പ് ഘട്ടത്തിൽ ഒരു ലക്ഷത്തിലധികം കടലാസ് ഫയലുകൾ പരിശോധിച്ച് ക്രമപ്പെടുത്താൻ മന്ത്രാലയം ലക്ഷ്യമിട്ടു. രാജ്യത്തെ രണ്ടായിരത്തിലധികം ഇടങ്ങളിൽ ശുചീകരണവും സ്ഥലം ഒഴിപ്പിക്കലും നടത്തി ഒരു ലക്ഷത്തിലധികം ചതുരശ്ര അടി ഉപയോഗയോഗ്യമായ സ്ഥലം ലഭ്യമാക്കാനും ലക്ഷ്യം നിശ്ചയിച്ചു. മുപ്പതിനായിരത്തിലധികം പൊതുജന പരാതികളും അയ്യായിരത്തിലധികം പരാതി അപ്പീലുകളും തീർപ്പാക്കുന്നതും ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. തയ്യാറെടുപ്പ് ഘട്ടത്തിലെ പുരോഗതിയുടെ തുടർച്ചയായി നടപ്പാക്കൽ ഘട്ടത്തിൽ ഏകോപിത പ്രവർത്തനം നടത്തും. നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിക്കൽ, തീർപ്പാകാത്ത കാര്യങ്ങൾ കുറയ്ക്കൽ, ജോലിസ്ഥലത്തെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, നടപടികൾ ക്രമപ്പെടുത്തൽ, ജനങ്ങൾക്ക് കാര്യക്ഷമമായ സേവനം നൽകൽ എന്നിവയിൽ ശ്രദ്ധ തുടരും.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.