ഗുവാഹത്തി: അസമിൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സാധ്യമായ എല്ലാ അടവുകളും പുറത്തെടുക്കുകയാണ് ബിജെപിയും കോൺഗ്രസും.
കലാ-സാംസ്ക്കാരിക പ്രവർത്തകരെ സ്വന്തം പാളയത്തിൽ എത്തിക്കാനുള്ള മത്സരത്തിലാണ് ഇപ്പോൾ ഇരുപാർട്ടികളും. കഴിഞ്ഞ ഡിസംബറിൽ നടന്ന സി എ എ – എൻ ആർ സി വിരുദ്ധ സമര പരിപാടികളുടെ ഭാഗമായി അസമിലെ നിരവധി കലാകാരന്മാരും കലാകാരികളും രംഗത്തുവന്നിരുന്നു.
ബാബു ബറുവ, നെകീബുൾ ഹുസൈൻ എന്നിവരടക്കം 39 പേർ കോൺഗ്രസ് ക്യാമ്പിലേക്കാണ് പ്രവേശിച്ചത്. ബാബു ബറുവ ഈസ്റ്റ് ഗുവാഹത്തി മണ്ഡലത്തിൽനിന്നും കോൺഗ്രസ് ടിക്കറ്റിൽ മൽസരിക്കാനും സാധ്യതയുണ്ട്. കോൺഗ്രസിനൊപ്പം നിൽക്കുന്ന കലാകാരന്മാർ തങ്ങളുടെ സി എ എ വിരുദ്ധ നിലപാടിൽ ഇപ്പൊഴും മാറ്റമില്ല എന്ന് ഉറപ്പിച്ച് പറയുകയും ചെയ്യുന്നു.
ബി.ജെ.പി ക്കൊപ്പവുമുണ്ട് നിരവധി പേർ. സിമന്ത ശേഖർ ഉൾപ്പെടെ 27 പേരാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി പുറത്തിറക്കിയ തീം സോങ്ങിൽ അണിനിരന്നത്.
പ്രമുഖ പുല്ലാങ്കുഴൽ വാദകനായ ദീപക് ശർമ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്റെ അസാന്നിധ്യത്തിൽ പാർട്ടി അംഗത്വം സ്വീകരിക്കുകയും ചെയ്തു
പ്രഞ്ജന ദത്ത, റേബ ഫുകാൻ തുടങ്ങിയവരും ബിജെപിയോടൊപ്പമാണ് നിൽക്കുന്നത്.

