പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന്‌ പെട്ടിമുടിയില്‍ തെരച്ചില്‍ താല്‌ക്കാലികമായി നിര്‍ത്തി

മൂന്നാര്‍: പെട്ടിമുടിയില്‍ തെരച്ചില്‍ താല്‍ക്കാലികമായി നിറുത്തി ദൗത്യ സംഘം മടങ്ങി. പുഴയിലെ ഒഴുക്ക്‌ കുറഞ്ഞ്‌ കാലാവസ്ഥ അനുകൂലമായാല്‍ പ്രദേശവാസികളുടെ സഹാായത്തോടെ അഗ്നിരക്ഷാ, പോലീസ്‌ സേനകളുടെ നേതൃത്വത്തില്‍ തെരച്ചില്‍ പുനരാരംഭിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ എച്ച്‌ദിനേശന്‍ അറിയിച്ചു.

രാജമലയിലെ പെട്ടിമുടിയില്‍ ദുരന്തത്തിലകപ്പെട്ട്‌ കാണാതായവര്‍ക്കായി കഴിഞ്ഞ 16 ദിവസമായി തെരച്ചില്‍ നടത്തി വരികയായിരുന്നു. പെട്ടിമുടിയിലെ ലയങ്ങളില്‍ താമസിച്ചിരുന്ന ഗാന്ധിരാജിന്‍റെ ഭാര്യ റാണി(44), ഗാന്ധിരാജിന്‍റെ മകള്‍ കാര്‍ത്തിക(21), ഷണ്‍മുഖനാഥന്‍റെ മകന്‍ ദിനേഷ്‌കുമാര്‍ (20), പ്രതീഷിന്‍റെ ഭാര്യ കസ്‌തൂരി(26), മകള്‍ പ്രിയദര്‍ശിനി (7), എന്നി വരെയാണ്‌ ഇനിയും കണ്ടെത്താനുളളത്‌.

2020 ഓഗസ്‌റ്റ്‌ ആറിന്‌ രാത്രി 10.45 നായിരുന്നു തോട്ടം തൊഴിലാളിലയങ്ങളെ വിഴുങ്ങിയ ഉരുള്‍ പൊട്ടലുണ്ടായത്‌. ദുരന്തത്തില്‍ ഗതാഗതമാര്‍ഗ്ഗങ്ങളും വാര്‍ത്താവിനിമയവും എല്ലാം തകരാറിലായതോടെ ദുരന്തം പുറംലോകമറിഞ്ഞത്‌ നേരം പുലര്‍ന്നാണ്‌. മണ്ണിടിഞ്ഞും മരങ്ങള്‍ വീണും തകര്‍ന്നടിഞ്ഞ‌ റോഡുകള്‍ ഗതാഗതയോഗ്യമാക്കി ആദ്യം ദുരന്ത സ്ഥലത്തെത്തുന്നത്‌ അഗ്നിശമനസേനയാണ്‌. പ്രദേശവാസികളോടൊപ്പം നടത്തിയ രക്ഷാപ്രര്‍ത്തനത്തില്‍ ദുരന്തത്തില്‍ പെട്ട 82 പേരില്‍ 12 പേരെ രക്ഷപെടുത്താനായി.

തുടര്‍ന്ന്‌ പോലീസും ദേശീയദുരന്തനിവാരണസേനയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ചേര്‍ന്നു. ദിവസങ്ങളോളം നടന്ന തെരച്ചിലില്‍ 65 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇനി 5 പേരെയാണ്‌‌ കണ്ടെത്താനുളളത്‌. അവസാന ആളെയും കണ്ടെത്തുന്നതുവരെ തെരച്ചില്‍ തുടരുമെന്ന്‌ അറിയിച്ചിരുന്നുവെങ്കിലും വനമേഖലയിലെ പ്രതികൂല കാലാവസ്ഥയും വന്യമൃഗ ശല്ല്യവും മഴയും മഞ്ഞും തെരച്ചിലിന്‌ തിരിച്ചടിയായി.

അഗ്നിരക്ഷാസേന, പോലീസ്‌, ദുരന്തനിവാരണസേന, സന്നദ്ധ പ്രവര്‍ത്തകര്‍, സാഹസീകസംഘം, വനം , റവന്യൂ, പഞ്ചായത്ത്‌ എന്നീ വകുപ്പുകള്‍, കെഡിഎച്ച്‌പി കമ്പനി, പ്രദേശവാസികള്‍ എന്നിവരെ എല്ലാം ഏകോപിപ്പിച്ചാണ്‌ തെരച്ചില്‍ നടത്തിയിരു ന്നത്‌. റഡാര്‍, ഡോഗ്‌സ്‌ക്വാഡ്‌ അടക്കം എല്ലാസംവിധാനങ്ങളും തെരച്ചിലിന്‌ പ്രയോജനപ്പെടുത്തുകയും ചെയ്‌തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →