17 ജൂലായ് 2026
ഒരു സംഭവം, മൂന്ന് വ്യാഖ്യാനങ്ങൾ… ഹൈക്കോടതിയും സുപ്രീം കോടതിയും ദേശീയ വനിതാ കമ്മിഷനും നേർക്കുനേർ വന്നപ്പോൾ
നിയമത്തിലെ ഏറ്റവും പ്രയാസമുള്ള ചോദ്യങ്ങളിലൊന്ന്
ഒരു സ്ത്രീയുടെ ശരീരത്തിൽ ബലമായി കടന്നുപിടിച്ചു. വസ്ത്രം അഴിക്കാൻ ശ്രമിച്ചു. ഇര എതിർത്തു. കുറ്റകൃത്യം അവിടെ അവസാനിച്ചു.
ഇത്തരം സാഹചര്യത്തിൽ നിയമം എവിടെയാണ് അതിർത്തി വരയ്ക്കേണ്ടത്? അത് ‘ബലാത്സംഗശ്രമം’ ആണോ? അതോ ‘സ്ത്രീയുടെ മാനഭംഗം’ മാത്രമാണോ?
ഈ ചോദ്യം പുതിയതല്ല. എന്നാൽ പാറ്റ്ന ഹൈക്കോടിയുടെ ഒരു വിധിയും അതിനെ സുപ്രീം കോടതി സ്റ്റേ ചെയ്ത സംഭവവും വീണ്ടും രാജ്യത്തെ അതേ ചോദ്യത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. അതിന് പിന്നാലെ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ വിജയ രഹത്കറും രംഗത്തെത്തിയതോടെ ചർച്ച കൂടുതൽ വിപുലമായി.
ഇപ്പോൾ തർക്കം ഒരു കേസിനെക്കുറിച്ചല്ല. ബലാത്സംഗം എന്ന കുറ്റത്തിന്റെ നിയമപരമായ അതിർത്തി എവിടെയാണ് വരയ്ക്കേണ്ടത് എന്നതിനെക്കുറിച്ചാണ്.
ഹൈക്കോടതി വരച്ച അതിർത്തി
പാറ്റ്ന ഹൈക്കോടതി സംഭവത്തിന്റെ ഗൗരവം കുറച്ചുകാണിച്ചില്ല. പ്രതിയുടെ പ്രവൃത്തി നിയമവിരുദ്ധമല്ലെന്നും പറഞ്ഞില്ല.
പക്ഷേ കോടതി ഒരു നിർണായക നിയമവേർതിരിവ് നടത്തി.
സ്ത്രീയുടെ സൽവാർ അഴിക്കാൻ ശ്രമിച്ചതും സ്തനത്തിൽ ബലമായി പിടിച്ചതും ഗുരുതരമായ ലൈംഗിക അതിക്രമമാണെങ്കിലും, അതുകൊണ്ട് മാത്രം അത് “ബലാത്സംഗശ്രമം” ആയി മാറില്ല എന്നായിരുന്നു കോടതിയുടെ നിലപാട്.
കോടതിയുടെ വിലയിരുത്തൽ പ്രകാരം, ഒരു കുറ്റം “ശ്രമം” എന്ന ഘട്ടത്തിലെത്താൻ കുറ്റം പൂർത്തിയാകുന്നതിലേക്ക് നേരിട്ട് നീങ്ങുന്ന വ്യക്തമായ നിയമഘടകങ്ങൾ തെളിയിക്കപ്പെടണം. ഈ കേസിൽ ആ പരിധി കടന്നതായി തെളിവുകളിൽ നിന്ന് വ്യക്തമല്ലെന്ന് ഹൈക്കോടതി കണ്ടെത്തി. അതിനാലാണ് വിചാരണക്കോടതി വിധിച്ച ബലാത്സംഗശ്രമക്കുറ്റം മാറ്റി സ്ത്രീയുടെ മാനഭംഗം വരുത്തിയ കുറ്റം നിലനിർത്തിയത്.
സുപ്രീം കോടതി കണ്ടത് മറ്റൊരു അതിർത്തി
ഈ നിയമവ്യാഖ്യാനമാണ് സുപ്രീം കോടതിയെ ആശങ്കപ്പെടുത്തിയത്.
വിധി സ്റ്റേ ചെയ്ത കോടതി, ലൈംഗിക കുറ്റകൃത്യങ്ങളെ വിലയിരുത്തുമ്പോൾ സാങ്കേതിക നിയമഘടകങ്ങളിൽ മാത്രം ഒതുങ്ങരുത് എന്ന് വ്യക്തമാക്കി.
കുറ്റവാളിയുടെ ഉദ്ദേശ്യം എന്തായിരുന്നു? ഇര അനുഭവിച്ച ഭയം എത്രത്തോളമായിരുന്നു? അവളുടെ ശരീരസ്വാതന്ത്ര്യവും അന്തസ്സും എങ്ങനെ ആക്രമിക്കപ്പെട്ടു? ഈ ചോദ്യങ്ങളും കോടതിയുടെ വിലയിരുത്തലിന്റെ ഭാഗമാകണമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
അതോടൊപ്പം, ലൈംഗിക അതിക്രമക്കേസുകൾ കൈകാര്യം ചെയ്യുന്ന ജഡ്ജിമാർ അതിജീവിത കേന്ദ്രീകൃതവും കൂടുതൽ സംവേദനക്ഷമവുമായ സമീപനം സ്വീകരിക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു.
ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ ഉയർത്തിയ ചോദ്യം
വിജയ രഹത്കർ നിയമത്തിലെ മറ്റൊരു വിടവിലേക്കാണ് വിരൽചൂണ്ടിയത്.
“ലൈംഗിക കുറ്റകൃത്യങ്ങളുടെ വ്യാഖ്യാനം ശാരീരിക പ്രവൃത്തിയിൽ മാത്രം ഒതുങ്ങരുത്.”
ഒരു സ്ത്രീയുടെ ശരീരത്തിൽ എന്ത് സംഭവിച്ചു എന്നത് മാത്രമല്ല, അവളുടെ മനസ്സിൽ എന്ത് സംഭവിച്ചു എന്നതും നിയമം കാണണമെന്ന് അവർ പറഞ്ഞു.
സമ്മതമില്ലായ്മ, മാനസിക ആഘാതം, ശരീരസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം, സ്ത്രീയുടെ അന്തസ്സിന് സംഭവിച്ച മുറിവ് എന്നിവയും കുറ്റത്തിന്റെ ഗൗരവം നിർണയിക്കുമ്പോൾ തുല്യപ്രാധാന്യത്തോടെ പരിഗണിക്കണമെന്നാണ് അവരുടെ നിലപാട്.
മൂന്ന് സ്ഥാപനങ്ങൾ, മൂന്ന് വ്യാഖ്യാനങ്ങൾ
ഈ വിവാദത്തെ ഏറ്റവും ലളിതമായി പറഞ്ഞാൽ ഇങ്ങനെയാണ്.
ഹൈക്കോടതി ചോദിച്ചത്:
“ബലാത്സംഗശ്രമം തെളിയിക്കാൻ ആവശ്യമായ നിയമഘടകങ്ങൾ ഇവിടെ പൂർണമായുണ്ടോ?”
സുപ്രീം കോടതി ചോദിച്ചത്:
“നിയമഘടകങ്ങൾ എണ്ണുന്നതിൽ മാത്രം ഒതുങ്ങിയാൽ, ലൈംഗിക അതിക്രമത്തിന്റെ യാഥാർഥ്യം കോടതിക്ക് നഷ്ടമാകുന്നില്ലേ?”
ദേശീയ വനിതാ കമ്മിഷൻ ചോദിച്ചത്:
“ഒരു സ്ത്രീയുടെ അന്തസ്സിനും ശരീരസ്വാതന്ത്ര്യത്തിനും നേരെയുള്ള ആക്രമണത്തെ നിയമം വെറും ശാരീരിക പ്രവൃത്തിയായി മാത്രം കാണാനാകുമോ?”
നിയമം പറയുന്ന ‘ബലാത്സംഗം’ എന്താണ്?
സാധാരണ സംഭാഷണത്തിൽ പല തരത്തിലുള്ള ലൈംഗിക ആക്രമണങ്ങളെയും ആളുകൾ “ബലാത്സംഗം” എന്ന് വിളിക്കാറുണ്ട്. എന്നാൽ നിയമം അങ്ങനെ ചെയ്യുന്നില്ല. നിയമം വളരെ കൃത്യമായ നിർവചനമാണ് നൽകുന്നത്. ഒരു സ്ത്രീയുടെ സമ്മതമില്ലാതെ, അല്ലെങ്കിൽ ഭീഷണി, നിർബന്ധം, വഞ്ചന, മാനസിക അശക്തി, പ്രായപൂർത്തിയാകാത്ത അവസ്ഥ തുടങ്ങിയ സാഹചര്യങ്ങളിൽ, നിയമത്തിൽ വ്യക്തമാക്കിയിരിക്കുന്ന തരത്തിലുള്ള ലൈംഗിക പ്രവേശനം നടന്നാൽ മാത്രമാണ് അത് ബലാത്സംഗം എന്ന കുറ്റമായി കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ ലൈംഗിക അതിക്രമങ്ങളും നിയമപരമായി ബലാത്സംഗമാകണമെന്നില്ല. ചിലത് സ്ത്രീയുടെ മാനഭംഗം, ചിലത് ലൈംഗിക പീഡനം, ചിലത് ബലാത്സംഗശ്രമം എന്നിങ്ങനെ വ്യത്യസ്ത കുറ്റങ്ങളായി നിയമം വേർതിരിച്ചാണ് കാണുന്നത്.
ഇപ്പോഴത്തെ വിവാദത്തിന്റെ കേന്ദ്രവും അതുതന്നെയാണ്. ബലാത്സംഗം നടന്നില്ലെങ്കിൽ, എപ്പോൾ അത് “ബലാത്സംഗശ്രമം” ആകും? നിയമത്തിൽ അതിന് ഒരു ഒറ്റവരി നിർവചനം ഇല്ല. അതുകൊണ്ടാണ് ഓരോ കേസിലും കോടതികൾ പ്രതിയുടെ ഉദ്ദേശ്യം, നടത്തിയ പ്രവൃത്തികൾ, കുറ്റകൃത്യം പൂർത്തിയാകുന്നതിലേക്ക് എത്രത്തോളം മുന്നോട്ടുപോയി, ഇര നേരിട്ട ഭീഷണി എന്നിവ പരിശോധിച്ച് തീരുമാനിക്കുന്നത്. പാറ്റ്ന ഹൈക്കോടി ഈ കേസിൽ ആ നിയമപരമായ അതിർത്തി ഇനിയും കടന്നില്ലെന്നാണ് കണ്ടത്. എന്നാൽ സുപ്രീം കോടതി ആ സമീപനം വളരെ ഇടുങ്ങിയ നിയമവ്യാഖ്യാനമാണോ എന്ന് പരിശോധിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ കേസ്, ഒരു പ്രതിയുടെ കുറ്റം മാത്രമല്ല, “ബലാത്സംഗശ്രമം തുടങ്ങുന്നത് എവിടെ നിന്നാണ്?” എന്ന വലിയ നിയമചോദ്യത്തിനും ഉത്തരമാകാൻ പോകുകയാണ്.