കൊച്ചി: മുഖ്യമന്ത്രി വി.ഡി.സതീശന്റെ സത്യപ്രതിജ്ഞയിലെ ജാതിപ്പേര് പരാമർശത്തെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. സത്യപ്രതിജ്ഞാ ചടങ്ങിൽ വടശേരി ദാമോദര മേനോൻ സതീശനെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ ട്രോളിയാണ് ജിന്റോ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
ലളിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ രാഷ്ട്രീയമാണ് തനിക്ക് പ്രിയം
വൻ പേരും പഞ്ചും നോക്കുന്നതിനേക്കാൾ ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇൻക്ലൂസീവെന്ന് അദ്ദേഹം കുറിച്ചു. വലിയ പേരുകളെക്കാൾ ലളിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ രാഷ്ട്രീയമാണ് തനിക്ക് പ്രിയമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം പേര് ഉദാഹരിച്ചായിരുന്നു ജിന്റോയുടെ പോസ്റ്റ്.
തന്റെ രാഷ്ട്രീയം സ്വന്തം ബോധ്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്
തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല, ജിന്റോ ജോൺ. അത് മതി. അങ്ങനെ അറിയപ്പെട്ടാൽ മതി. അതല്ലേ അതിന്റെ ഒരു ബ്യൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയം സ്വന്തം ബോധ്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്.അതിൽ അൽപ്പം ഇടതുപക്ഷ ആഭിമുഖ്യമുള്ള കോൺഗ്രസ് ബോധ്യമാണ് താൻ മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പരോക്ഷ വിമർശനം സോഷ്യൽ മീഡിയായിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.