ന്യൂഡൽഹി / 2026 / നവംബർ 17
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഒൻപതാമത് പ്രകൃതിചികിത്സാ ദിനം നവംബർ പതിനെട്ടിന് രാജ്യവ്യാപകമായി ആചരിക്കും. കർണാടകയിലെ നാഗമംഗലയിലുള്ള കേന്ദ്ര യോഗ–പ്രകൃതിചികിത്സാ ഗവേഷണ സ്ഥാപനത്തിലാണ് ദേശീയ പരിപാടി നടക്കുക. ‘പ്രകൃതി ചികിത്സ, സ്വസ്ഥ ഭാരതം’ എന്നതാണ് ഇത്തവണത്തെ പ്രമേയം. രോഗപ്രതിരോധം, ആരോഗ്യകരമായ ജീവിതശൈലി, സമഗ്രമായ ആരോഗ്യം എന്നിവയിൽ പ്രകൃതിചികിത്സയുടെ പങ്ക് പരിപാടി ചർച്ച ചെയ്യും. അമിതവണ്ണവും ജീവിതശൈലീരോഗങ്ങളും തടയുന്നതിനാണ് പ്രത്യേക ശ്രദ്ധ.
സമൂഹത്തിന്റെ ആരോഗ്യത്തിനായി പ്രത്യേക പരിപാടികൾ
നാഗമംഗലയിലെ പ്രധാന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ വിപുലമായ ജനപങ്കാളിത്തം ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങൾ അവതരിപ്പിക്കും. പ്രത്യേക സാമൂഹിക ആരോഗ്യപരിപാടിയും ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന മറ്റു പരിപാടികളും പ്രധാന ആകർഷണങ്ങളാകും. സമഗ്രമായ ആരോഗ്യവും സമൂഹത്തിന്റെ സുസ്ഥിര വികസനവുമാണ് ഇവയുടെ ലക്ഷ്യം.
ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ളവരെ പങ്കെടുപ്പിക്കാനും പ്രദേശത്താകെ നിലനിൽക്കുന്ന നല്ല മാറ്റങ്ങൾ സൃഷ്ടിക്കാനും കഴിയുന്ന രീതിയിലാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്. പൊതുജനക്ഷേമത്തിനും എല്ലാവരെയും ഉൾക്കൊള്ളുന്ന പുരോഗതിക്കും നൽകുന്ന പ്രാധാന്യവും ഈ സംരംഭങ്ങൾ വ്യക്തമാക്കുന്നു.
ഭക്ഷണവും വ്യായാമവും യോഗയും പ്രമേയത്തിന്റെ കാതൽ
ശരിയായ ഭക്ഷണരീതി, ശാരീരിക പ്രവർത്തനങ്ങൾ, യോഗ, മാനസികസമ്മർദം നിയന്ത്രിക്കൽ, ലഭ്യമായ ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള മറ്റു പ്രകൃതിചികിത്സാ സമീപനങ്ങൾ എന്നിവയിലൂടെ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇത്തവണത്തെ പ്രമേയം മുന്നോട്ടുവയ്ക്കുന്നത്. കൂടുതൽ ആരോഗ്യമുള്ള ഇന്ത്യയെ രൂപപ്പെടുത്താൻ ഇവ സഹായിക്കുമെന്ന സന്ദേശവും നൽകുന്നു.
രോഗപ്രതിരോധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനബോധവത്കരണം ശക്തമാക്കുകയാണ് ലക്ഷ്യം. സ്വന്തം ആരോഗ്യവും ക്ഷേമവും നിലനിർത്തുന്നതിൽ വ്യക്തികളും സമൂഹങ്ങളും സജീവമായി ഇടപെടണമെന്നും പരിപാടി ആഹ്വാനം ചെയ്യുന്നു. രോഗപ്രതിരോധത്തിനും ആരോഗ്യകരമായ ജീവിതത്തിനും ഊന്നൽ നൽകുന്ന പ്രധാനമന്ത്രിയുടെ കായികക്ഷമതയും ആരോഗ്യവുമുള്ള ഇന്ത്യയെന്ന കാഴ്ചപ്പാടിനൊപ്പമാണ് ദിനാചരണവും.
അമ്മമാർ മുതൽ വിദ്യാർഥികൾ വരെ; പത്ത് ഉപപ്രമേയങ്ങൾ
സമൂഹത്തിലെ വിവിധ വിഭാഗങ്ങളെയും പൊതുജനാരോഗ്യത്തിലെ പ്രധാന മേഖലകളെയും കേന്ദ്രീകരിച്ച് രാജ്യവ്യാപക പ്രചാരണത്തിൽ പത്ത് ഉപപ്രമേയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘പ്രകൃതിമാതാവ്–ആരോഗ്യമുള്ള അമ്മ, ആരോഗ്യമുള്ള കുടുംബം’, ‘സ്വസ്ഥ മഹിള–കായികക്ഷമതയും ആരോഗ്യവുമുള്ള സ്ത്രീകൾ’, ‘കായികക്ഷമമായ സേന–കരുത്തും അമിതകൊഴുപ്പില്ലാത്ത ശരീരവും ആരോഗ്യവുമുള്ള സേന’ എന്നിവ ഇതിൽപ്പെടുന്നു.
‘ആരോഗ്യമുള്ള കലാലയം–കായികക്ഷമതയുള്ള വിദ്യാർഥികൾ, ആരോഗ്യമുള്ള രാഷ്ട്രം’, ‘ആരോഗ്യമുള്ള തൊഴിലിടം–കായികക്ഷമതയുള്ള തൊഴിലാളികൾ’, ‘സുരക്ഷിത യാത്ര–കായികക്ഷമതയുള്ള ഡ്രൈവർ, സുരക്ഷിത യാത്ര’ എന്നിവയും ഉപപ്രമേയങ്ങളാണ്.
വയോജനങ്ങൾക്കും കർഷകർക്കും കായികതാരങ്ങൾക്കും പങ്കാളിത്തം
‘സുവർണ ആരോഗ്യം–വാർധക്യത്തിലും സജീവതയും ആരോഗ്യവും’, ‘പ്രകൃതിയിലൂടെ കരുത്ത്–ആരോഗ്യകരവും സജീവവുമായ ജീവിതം’, ‘കായികമികവിന് പ്രകൃതിയുടെ കരുത്ത്’, ‘പ്രകൃതി കിസാൻ–കായികക്ഷമതയുള്ള കർഷകൻ, ആരോഗ്യമുള്ള രാഷ്ട്രം’ എന്നിവയാണ് മറ്റു നാല് ഉപപ്രമേയങ്ങൾ.
കുടുംബങ്ങൾ, സ്ത്രീകൾ, വിദ്യാർഥികൾ, വിവിധ തൊഴിൽമേഖലകളിലുള്ളവർ, സായുധസേനാംഗങ്ങൾ, മുതിർന്ന പൗരന്മാർ, കായികതാരങ്ങൾ, കർഷകർ എന്നിവരിലേക്ക് പ്രകൃതിചികിത്സയുടെ സന്ദേശം എത്തിക്കുകയാണ് ഈ സംരംഭങ്ങളുടെ ലക്ഷ്യം. സമൂഹത്തിലുടനീളം കൂടുതൽ ആരോഗ്യകരമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കാനും ഇവ ശ്രമിക്കും.
ഗവേഷണവും ആരോഗ്യസംവിധാനങ്ങളും ശക്തിപ്പെടുത്താൻ ആയുഷ് മന്ത്രാലയം
രാജ്യത്ത് യോഗയ്ക്കും പ്രകൃതിചികിത്സയ്ക്കുമുള്ള സ്ഥാപനസംവിധാനങ്ങളും ഗവേഷണ–ആരോഗ്യപരിചരണ അടിസ്ഥാനസൗകര്യങ്ങളും ശക്തിപ്പെടുത്താൻ ആയുഷ് മന്ത്രാലയം നടത്തുന്ന പ്രവർത്തനങ്ങളും ദിനാചരണത്തിൽ അവതരിപ്പിക്കും. ഗവേഷണ സ്ഥാപനങ്ങളിലൂടെയും വിവിധ സംരംഭങ്ങളിലൂടെയും ശാസ്ത്രീയ ഗവേഷണവും വിദ്യാഭ്യാസവും മുന്നോട്ടുകൊണ്ടുപോകാനാണ് മന്ത്രാലയം പ്രവർത്തിക്കുന്നത്. രോഗപ്രതിരോധത്തിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള പരിചരണത്തിൽ പ്രകൃതിചികിത്സ കൂടുതൽ വ്യാപകമായി ഉൾപ്പെടുത്താനും ശ്രമിക്കുന്നു.
പ്രകൃതിചികിത്സയുമായി ബന്ധപ്പെട്ട പൊതുജനപങ്കാളിത്തം ശക്തമാക്കാനുള്ള വേദിയായി ഒൻപതാമത് ദിനാചരണം മാറും. ആരോഗ്യമുള്ള ഭാരതം കെട്ടിപ്പടുക്കുന്നതിൽ ആരോഗ്യകരമായ ജീവിതശൈലിക്കും രോഗപ്രതിരോധത്തിനും സമൂഹത്തിന്റെ പങ്കാളിത്തത്തിനുമുള്ള പ്രാധാന്യം പരിപാടി വീണ്ടും ഉയർത്തിക്കാട്ടും.
.