തിരുവനന്തപുരം: ശമ്പള പരിഷ്കരണമടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക് പുരോഗമിക്കുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. 490-ഓളം സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കിൻ്റെ ഭാഗമാകുന്നുണ്ട്. സെക്രട്ടേറിയറ്റിന് മുന്നിൽ നഴ്സുമാർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
വാർഡ് ഡ്യൂട്ടികളിൽനിന്ന് നഴ്സുമാർ വിട്ടുനിൽക്കുന്നു.
ആശുപത്രികളിൽ അത്യാഹിത വിഭാഗങ്ങളിൽ മാത്രമാണ് സേവനം. വാർഡ് ഡ്യൂട്ടികളിൽനിന്ന് നഴ്സുമാർ വിട്ടുനിൽക്കുകയാണ്. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ (യുഎൻഎ) നേതൃത്വത്തിൽ ശമ്പള പരിഷ്കരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക എന്നതാണ് പ്രധാന ആവശ്യം.
യുഎൻഎയുടെ മറ്റ് ആവശ്യങ്ങൾ
ആരോഗ്യ മേഖലയിലെ കരാർ നിയമനങ്ങൾ നിർത്തലാക്കുക, ഡോ. ബൽറാം കമ്മിറ്റി റിപ്പോർട്ട്, ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട്ട് എന്നിവ പൂർണമായും നടപ്പിലാക്കുക, വീരകുമാർ കമ്മിറ്റി പ്രകാരമുള്ള ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക, നഴ്‌സിങ് അധ്യാപകർക്ക് യുജിസി സ്കെയിൽ നടപ്പിലാക്കുക, എൻഎച്ച്എം, പാലിയേറ്റീവ് കെയർ, എംഎൽഎസ്പി, എച്ച്ഡിഎസ് ജീവനക്കാരുടെ ശമ്പളം തുല്യ ജോലിക്ക് തുല്യവേതനം എന്ന രീതിയിൽ നടപ്പിലാക്കുക, രോഗി-നഴ്സ് അനുപാതം നിയമാനുസൃതമായി നടപ്പിലാക്കുക, ലേബർ നിയമങ്ങൾ കർശനമായി നടപ്പിലാക്കുക, പിഎസ്സി വഴി സ്ഥിര നിയമനങ്ങൾ നടപ്പിലാക്കുക, സ്റ്റാഫ് നഴ്‌സ് റാങ്ക് ഹോൾഡേഴ്‌സിനെ സംരക്ഷിക്കുക എന്നിവയാണ് യുഎൻഎയുടെ മറ്റ് ആവശ്യങ്ങൾ
