തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് പകര്‍ന്നെടുത്ത അഗ്നി പ്രത്യേകം തയാറാക്കിയ പണ്ടാര അടുപ്പിലേക്ക് മേല്‍ശാന്തി തെളിയിച്ചതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാനായി ഭക്തലക്ഷങ്ങളാണ് നഗരവീഥികളിൽ അടുപ്പുകൂട്ടി കാത്തിരിക്കുന്നത്.
ഉച്ചയ്ക്ക് 2.15ന് ആണ് പൊങ്കാല നിവേദിക്കുന്നത്.
രാവിലെ 9:45ന് തോറ്റംപാട്ടിന്റെ അകമ്പടിയോടെ പൊങ്കാലയുടെ അടുപ്പുവെട്ട് ചടങ്ങുകൾ ആരംഭിച്ചു. നേരത്തെ തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾ ഇഷ്ടിക നിരത്തി സ്ഥാനം ഉറപ്പിച്ചിരുന്നു. ഉച്ചയ്ക്ക് 2.15ന് ആണ് പൊങ്കാല നിവേദിക്കുന്നത്. ചന്ദ്രഗ്രഹണമായതിനാൽ ഉച്ച കഴിഞ്ഞ് 3.10 മുതൽ രാത്രി ഏഴ് വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല.
ജില്ലയിലുടനീളം 4,000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സുരക്ഷയ്ക്കായി ജില്ലയിലുടനീളം 4,000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നഗരം നാലു സോണുകളായും 13 ഡിവിഷനുകളായും 29 സെക്ടറുകളായും തിരിച്ചാണ് ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക്കിന്റെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണങ്ങൾ വിന്യസിച്ചിരിക്കുന്നത്.

