തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്ഗ്രസിന്റെ ആദ്യഘട്ട പട്ടികയിൽ 50 സ്ഥാനാർഥികൾ. സിറ്റിംഗ് എംഎൽഎമാരുടെയും ജയസാധ്യതയുള്ള എ ക്ലാസ് മണ്ഡലങ്ങളും അടക്കമുള്ള 50 മണ്ഡലങ്ങളിലാണ് ഒറ്റപ്പേരിലേക്ക് കോണ്ഗ്രസ് എത്തിയത്. ഇതു വൈകാതെ ഹൈക്കമാൻഡിനു കൈമാറും. മത്സര രംഗത്തുള്ള തലയെടുപ്പുള്ള നേതാക്കളെല്ലാം പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
രാഹുൽ ഗാന്ധിയുമായി മുതിർന്ന നേതാക്കൾ ചർച്ച നടത്തും.
ആദ്യഘട്ട പട്ടിക വൈകാതെ ഹൈക്കമാൻഡിന് പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് കോണ്ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എംപി തുടങ്ങിയവർ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ എത്തുന്നുണ്ട്. ആദ്യഘട്ട സ്ഥാനാർഥി പട്ടിക സംബന്ധിച്ച് രാഹുൽ ഗാന്ധിയുമായും മുതിർന്ന നേതാക്കൾ ചർച്ച നടത്തും.
വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്ര ഇന്ന് ഒൻപതാമത്തെ ജില്ലയിൽ
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്ര ഇന്ന് ഒൻപതാമത് ജില്ലയിലേക്ക് കടക്കുകയാണ്. യാത്രയ്ക്കു ലഭിക്കുന്ന വൻ സ്വീകരണം യുഡിഎഫിന് വലിയ വിജയത്തിന് വഴിയൊരുക്കുമെന്നാണ് കോണ്ഗ്രസ് നേതാക്കളുടെ പ്രതീക്ഷ. ഇന്നലെ യുഡിഎഫ് സീറ്റ് വിഭജന ചർച്ചകളും നടന്നു. മുസ്ലിം ലീഗുമായിട്ടായിരുന്നു പ്രധാന ചർച്ച. എന്നാൽ സീറ്റു മാറ്റത്തിലടക്കം അന്തിമ ധാരണയിൽ എത്തിയിട്ടില്ലെന്നാണ് വിവരം. ഇന്ന് ആർഎസ്പി നേതൃത്വവുമായി സീറ്റ് മാറ്റ ചർച്ചകൾ ഇടുക്കിയിൽ നടക്കുന്നുണ്ട്.മട്ടന്നൂരിനും ആറ്റിങ്ങലിനും പകരമാണ് ആർഎസ്പി സീറ്റ് ചോദിച്ചിട്ടുള്ളത്. ചവറ, ഇരവിപുരം, കുന്നത്തൂർ എന്നിവയാണ് ആർഎസ്പി മത്സരിച്ച മറ്റു മണ്ഡലങ്ങൾ.
.

