.
പീരുമേട് (ഇടുക്കി): പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ വാക്കേറ്റവും തർക്കവും. ഫെബ്രുവരി 17 ചൊവ്വാഴ്ച പീരുമേട്ടിൽ നടന്ന ഇടുക്കി ജില്ലാ പോലീസ് അസോസിയേഷൻ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിനിടെയാണ് സംഭവം. ,തിരുവനന്തപുരത്ത് പോലീസുകാരനു നേരെയുണ്ടായ എസ്എഫ്‌ഐ പ്രവർത്തകരുടെ കയ്യേറ്റം പരാമർശിച്ചതിന് പിന്നാലെയാണ് സംഭവങ്ങൾക്ക് തുടക്കം .
ഇടുക്കി എ.ആർ. ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ ടിജോ തോമസ് സംസാരിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ
.
ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു പങ്കെടുത്ത ഉദ്ഘാടന ചടങ്ങിന് ശേഷം നടന്ന പ്രതിനിധി സമ്മേളനത്തിൽ ഓരോ മേഖലയിൽനിന്നുമുള്ളവർക്ക് ചർച്ചയ്ക്ക് രണ്ട് മിനിട്ട് സമയം അനുവദിച്ചിരുന്നു. ഇടുക്കി എ.ആർ. ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ ടിജോ തോമസ് സംസാരിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്.
എസ്.എഫ്.ഐക്കെതിരെ പ്രമേയം പാസാക്കണം,
പോലീസുകാരുടെ അടിസ്ഥാന പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം വാട്സാപ്പ് ഗ്രൂപ്പിൽ സംസാരിക്കാൻ അനുവദിക്കാറില്ലെന്ന പരാതി ടിജോ ഉന്നയിച്ചപ്പോൾ സമയം അവസാനിച്ചെന്ന് പറഞ്ഞ് പ്രസീഡിയത്തിലിരുന്നവർ ആദ്യം തടയാൻ ശ്രമിച്ചു. പറയാനുള്ള കാര്യം മുഖത്തുനോക്കി പറയുമെന്ന് പറഞ്ഞുകൊണ്ട് ടിജോ പ്രസംഗം തുടർന്നു. ‘കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പെങ്ങളോടൊപ്പം നടന്നുവന്ന പോലീസുകാരനെ എസ്.എഫ്.ഐക്കാർ അതിദാരുണമായി മർദ്ദിക്കുകയുണ്ടായി. മറ്റൊരു പോലീസുകാരനും ഈ അവസ്ഥ വരാതിരിക്കാൻ ഈ സമ്മേളനത്തിൽ എസ്.എഫ്.ഐക്കെതിരെ പ്രമേയം പാസാക്കണം, ടിജോ പറഞ്ഞു.
15 പേരടങ്ങിയ സംഘം യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി
വീണ്ടും സംസാരിക്കുമ്പോൾ ഭരണപക്ഷ അനുകൂല സംഘടനയിൽപ്പെട്ട പ്രതിനിധികളും പ്രസീഡിയത്തിൽ നിന്നുള്ള ചിലരും ടിജോയെ വീണ്ടും തടയാൻ ശ്രമിക്കുകയായിരുന്നു. വേദിയിലേക്ക് കയറാൻ ശ്രമിച്ച ചിലരെ പ്രസീഡിയത്തിലുണ്ടായിരുന്നവർ ഇടപെട്ട് പിന്തിരിപ്പിച്ചു.
ഇതിനിടെ ടിജോയെ പിന്തുണച്ചെത്തിയ പ്രതിനിധികൾ അവരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. ഇതിനിടെ ടിജോ പ്രസംഗം തുടർന്നു. ചർച്ചയ്ക്കൊടുവിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഇ.ജി. അഭിജിത്ത് നൽകിയ മറുപടിപ്രസംഗം കേൾക്കാതെ 15 പേരടങ്ങിയ സംഘം യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. എന്നാൽ, അനുവദിച്ചതിനെക്കാൾ കൂടുതൽ സമയം സംസാരിച്ചതിനാലാണ് ടിജോയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതെന്നും എസ്.എഫ്.ഐ വിഷയമല്ല വാക്കുതർക്കത്തിന് കാരണമെന്നും ഭരണപക്ഷ അനുകൂലസംഘടനയിൽപ്പെട്ടവർ പ്രതികരിച്ചു
