പാലക്കാട്: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിനെതിരേ ആരോപണം ഉന്നയിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരേ മന്ത്രി എം.ബി. രാജേഷ്. നേരത്തേ എസ്ഐടി അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നുപറഞ്ഞ സതീശൻ ഇപ്പോൾ മലക്കംമറിഞ്ഞുവെന്നു മന്ത്രി രാജേഷ് പരിഹസിച്ചു.
അടൂർ പ്രകാശിനെ ചോദ്യംചെയ്യുമെന്നു പറഞ്ഞപ്പോൾ പ്രതിപക്ഷനേതാവിന് ഇരട്ടത്താപ്പെന്ന്
യുഡിഎഫ് കണ്‍വീനറെ ചോദ്യംചെയ്യുമെന്നു പറഞ്ഞപ്പോൾ എസ്ഐടിയിൽ വിശ്വാസം നഷ്ടപ്പെട്ടോ? കടകംപള്ളി സുരേന്ദ്രനെ മൊഴിയെടുക്കാൻ വിളിപ്പിച്ചപ്പോൾ പ്രതിപക്ഷത്തിനു വൻ ആഘോഷമായിരുന്നു. ഇപ്പോൾ അടൂർ പ്രകാശിനെ ചോദ്യംചെയ്യുമെന്നു പറഞ്ഞപ്പോൾ പ്രതിപക്ഷനേതാവിന് ഇരട്ടത്താപ്പാണ്. സ്വന്തക്കാരെ ചോദ്യംചെയ്യാൻ വിളിപ്പിക്കുന്പോൾ എന്തിനാണു പരിഭ്രാന്തി.
ഹൈക്കമാൻഡ് മുതൽ പഞ്ചായത്ത് വരെ ബിജെപിയിലേക്കു കണ്ണുനട്ടിരിക്കുകയാണെന്ന്
അന്വേഷണത്തിന്റെ പോക്കിൽ ഭയമുണ്ടെങ്കിൽ പാരഡിഗാനം ഒരുമിച്ചുപാടിയാൽ മതിയെന്നും അതു കൂട്ടക്കരച്ചിലാകുമെന്നും രാജേഷ് പരിഹസിച്ചു. കോണ്‍ഗ്രസിന്റെ രണ്ടു നേതാക്കൾ എന്തിനാണു പ്രതികൾക്കൊപ്പം സോണിയ ഗാന്ധിയെ കണ്ടതെന്നും രാജേഷ് ചോദിച്ചു.വെള്ളാപ്പള്ളി നടേശന്റെ സിപിഐ വിമർശനം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. മറ്റത്തൂരിൽ കോണ്‍ഗ്രസ് അംഗങ്ങൾ ഒറ്റച്ചാട്ടത്തിനാണു ബിജെപിയായത്. ഹൈക്കമാൻഡ് മുതൽ പഞ്ചായത്ത് വരെ ബിജെപിയിലേക്കു കണ്ണുനട്ടിരിക്കുകയാണെന്നും മന്ത്രി രാജേഷ് പറഞ്ഞു.
.
