ന്യൂഡൽഹി | ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള യാത്രാ വിമാന സർവീസുകൾ ഈ മാസം അവസാനത്തോടെ പുനഃരാരംഭിക്കാൻ ധാരണയായതായി വിദേശകാര്യ മന്ത്രാലയം (എം ഇ എ.) അറിയിച്ചു. ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായാണ് ഈ നീക്കം കണക്കാക്കപ്പെടുന്നത്.
ഒക്ടോബർ അവസാനത്തോടെ
നേരിട്ടുള്ള വിമാന സർവീസുകൾ പുനഃരാരംഭിക്കുന്നതിനും എയർ സർവീസസ് കരാർ (എ എസ് എ) പരിഷ്കരിക്കുന്നതിനും ഈ വർഷം ആദ്യം മുതൽ ഇരുപക്ഷവും സാങ്കേതിക തലത്തിൽ ചർച്ചകൾ നടത്തിവരികയായിരുന്നു. ഈ ചർച്ചകളിൽ ഒക്ടോബർ അവസാനത്തോടെ, ശീതകാല ഷെഡ്യൂളിനനുസരിച്ച് സർവീസുകൾ പുനഃരാരംഭിക്കാൻ ധാരണയായതായി വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.
തങ്ങളുടെ ചൈനയിലേക്കുള്ള സർവീസുകൾ പുനഃരാരംഭിക്കുമെന്ന് ഇൻഡിഗോ
വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇൻഡിഗോ തങ്ങളുടെ ചൈനയിലേക്കുള്ള സർവീസുകൾ പുനഃരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഒക്ടോബർ 26 മുതൽ കൊൽക്കത്തയിൽ നിന്ന് ഗ്വാങ്‌ഷൂവിലേക്ക് (സി എ എൻ) പ്രതിദിന നോൺ-സ്റ്റോപ്പ് വിമാന സർവീസ് പുനഃരാരംഭിക്കുമെന്ന് ഇൻഡിഗോ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഇരു അയൽരാജ്യങ്ങളും തമ്മിലും ജനങ്ങൾ തമ്മിലുമുള്ള ബന്ധം വർദ്ധിപ്പിക്കാൻ ഈ നീക്കം സഹായിക്കുമെന്നും ഉഭയകക്ഷി കൈമാറ്റങ്ങൾ ക്രമേണ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ഇത് സഹായകമാകുമെന്നും എം ഇ എ കൂട്ടിച്ചേർത്തു.
