റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിജെപി ഭരിക്കുന്ന മഹാരാഷ്‌ട്രയിലും ബുള്‍ഡോസർ രാജ്

നാഗ്പുർ: ഉത്തർപ്രദേശിനു പിന്നാലെ ബിജെപി ഭരിക്കുന്ന മഹാരാഷ്‌ട്രയിലും ബുള്‍ഡോസർ രാജ്. നാഗ്പുർ കലാപത്തിന്‍റെ മുഖ്യസൂത്രധാരനെന്നു പോലീസ് പറയുന്ന ഫാഹിം ഖാന്‍റെ ഇരുനില വീട് ബുള്‍ഡോസർ ഉപയോഗിച്ച്‌ തകർത്തു.ഇന്നലെ (മാർച്ച് 24) രാവിലെ 10.30ഓടെ, യശോധര നഗർ സഞ്ജയ് ബാഗ് കോളനിയിലെ ഫാഹിം ഖാന്‍റെ വീട് മൂന്ന് ജെസിബി ഉപയോഗിച്ച്‌ പൊളിക്കാൻ തുടങ്ങി. കനത്ത പോലീസ് സുരക്ഷയിലായിരുന്നു നടപടി. ഉച്ചയ്ക്ക് 2.30ഓടെ ഇരുനിലക്കെട്ടിടം പൂർണമായും തകർത്തു.അനധികൃത കെട്ടിടമെന്നാരോപിച്ചായിരുന്നു പൊളിക്കല്‍.
കെട്ടിടം പൊളിക്കല്‍ ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്യുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പായിരുന്നു നടപടി.

നടപടി സ്റ്റേ ചെയ്ത് കോടതി

കേസിലെ മറ്റൊരു പ്രതിയായ യൂസഫ് ഷെയ്ഖിന്‍റെ വീടിന്‍റെ അനധികൃത ബാല്‍ക്കണിയും മുനിസിപ്പല്‍ അധികൃതർ പൊളിച്ചുനീക്കി.
ഉച്ചകഴിഞ്ഞ് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് ഉണ്ടാകുന്നതിനു മുമ്പുതന്നെ ഖാന്‍റെ ഇരുനിലവീട് പൊളിച്ചുമാറ്റിയെങ്കിലും യൂസഫ് ഷെയ്ഖിന്‍റെ വീട് പൊളിക്കുന്നത് ഉത്തരവ് വന്നതിനു പിന്നാലെ നിർത്തിവച്ചു. വീട് പൊളിച്ചുമാറ്റുന്നതിനെതിരേ ഫാഹിം ഖാനും യൂസഫ് ഷെയ്ഖും ഇന്നലെ രാവിലെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിനെ സമീപിക്കുകയും അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മുനിസിപ്പല്‍ കോർപറേഷനെ വിമർശിച്ച കോടതി നടപടി സ്റ്റേ ചെയ്തു.

ഉടമകളുടെ വാദം കേള്‍ക്കാത്തത് എന്തുകൊണ്ടാണെന്നു കോടതി

കഴിഞ്ഞ ദിവസമാണ് വീട് നിർമാണത്തിന് അനുമതിയില്ലായിരുന്നെന്നു ചൂണ്ടിക്കാട്ടി ഫാഹിം ഖാനും യൂസഫ് ഷെയ്ഖിനും നാഗ്പുർ മുനിസിപ്പല്‍ കോർപറേഷൻ നോട്ടീസ് നല്‍കിയത്. അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിനു മുമ്പ് ഉടമകളുടെ വാദം കേള്‍ക്കാത്തത് എന്തുകൊണ്ടാണെന്നു കോടതി ചോദിച്ചു. ജയിലിലുള്ള ന്യൂനപക്ഷ ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) നേതാവായ ഫാഹിം ഖാനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്.

വിഎച്ച്‌പി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ ഖുറാൻ കത്തിച്ചെന്ന പ്രചാരണം .

ഛത്രപതി സംഭാജി ജില്ലയിലുള്ള, മുഗള്‍ ചക്രവർത്തി ഔറംഗസേബിന്‍റെ ശവകുടീരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. മാർച്ച്‌ 17ന് ഈ ആവശ്യമുന്നയിച്ച്‌ വിഎച്ച്‌പി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ ഖുറാൻ കത്തിച്ചെന്ന പ്രചാരണം നടന്നു. ഇതിനെതിരേ നടന്ന പ്രതിഷേധമാണ് സംഘർഷത്തില്‍ കലാശിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *