നാലു കുട്ടികള്‍കൂടി മരിച്ച പനയമ്പാടത്ത് ജനരോഷം ആളിക്കത്തി

കല്ലടിക്കോട്: സ്ഥിരം അപകടമേഖലയായ പനയമ്പാടത്ത് നാലു കുട്ടികള്‍കൂടി മരിച്ചതോടെ ജനരോഷം ആളിക്കത്തി. അശാസ്ത്രീയമായ റോഡ് നിർമാണത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.വാഹനങ്ങളും തടഞ്ഞു. ലോറി മാറ്റാൻ അനുവദിക്കില്ലെന്നും പിരിഞ്ഞുപോകാൻ തയാറല്ലെന്നും നാട്ടുകാർ നിലപാടെടുത്തതോടെ പോലീസുമായി വാക്കേറ്റവും നേരിയ സംഘർഷവുമുണ്ടായി. പോലീസല്ല, കളക്ടറും മന്ത്രിയും അടക്കമുള്ള ഉന്നത അധികാരികള്‍ സ്ഥലത്തെത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

ഈ വഴിയിലൂടെ എന്തു വിശ്വസിച്ച്‌ കുട്ടികളെ അയയ്ക്കും

റോഡില്‍ കുത്തിയിരുന്ന നാട്ടുകാരെ നിയന്ത്രിക്കാൻ പോലീസ് പാടുപെട്ടു. പരീക്ഷയായതിനാലാണു റോഡരികില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞതെന്നും അല്ലെങ്കില്‍ ദുരന്തത്തിന്‍റെ വ്യാപ്തി ഇനിയും കൂടുമായിരുന്നെന്നും പ്രദേശവാസികള്‍ പറഞ്ഞു. കരിമ്പ പഞ്ചായത്തിലാണു പനയമ്പാടം. ഇറക്കവും വളവുമാണ് ഈ ഭാഗത്തെ അപകടക്കെണി. റോഡിന്‍റെ വീതി കൂട്ടിയെങ്കിലും അപകടങ്ങള്‍ കുറഞ്ഞില്ല. സമീപത്തെ രണ്ടു സ്കൂളുകളിലായി ആയിരക്കണക്കിനു കുട്ടികള്‍ പഠിക്കുന്നുണ്ട്. ഈ വഴിയിലൂടെ എന്തു വിശ്വസിച്ച്‌ കുട്ടികളെ അയയ്ക്കുമെന്നാണു രക്ഷകർത്താക്കളുടെ ചോദ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →