മലപ്പുറം: സാങ്കേതികത്വത്തില്‍ തൂങ്ങി സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന കാര്യത്തെ ആരും പ്രോത്സാഹിപ്പിക്കരുതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. മുനമ്പത്ത് താമസിക്കുന്നവരുടെ പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും തങ്ങള്‍ പൂര്‍ണമായും സഹകരിക്കാമെന്നും പറഞ്ഞിരുന്നു. അതില്‍ എല്ലാമുണ്ടെന്ന് കുഞ്‍ാലിക്കുട്ടി പറഞ്ഞു.നവംബർ 15ന് മലപ്പുറത്ത് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂപ്രശ്‌നത്തിന്‍റെ പേരില്‍ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന നിലപാടിനെ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിലെ പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിനാണ്.
മുനമ്പം വിഷയത്തിന്‍റെ ചരിത്രത്തിലേക്കു പോയാല്‍ ഏറ്റവുമധികം ബുദ്ധിമുട്ടുക ഇടതുപക്ഷമാണെന്നും ഇടതുപക്ഷ സര്‍ക്കാരിന്‍റെ കാലത്താണ് ഈ പ്രശ്‌നം വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 2009ല്‍ ജസ്റ്റീസ് നിസാര്‍ കമ്മീഷനെ നിയോഗിച്ചത് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ കാലത്താണ്. വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കുന്ന വിഷയമാണിത്. അത് കേരളത്തിന്‍റെ നല്ല അന്തരീക്ഷത്തിനു ചേര്‍ന്ന കാര്യമല്ല. മുസ്‌ലിം സംഘടനകള്‍ യോഗം കൂടി കാര്യം വ്യക്തമാക്കിയതാണ്.
ആ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഭൂമി പിടിച്ചെടുക്കണം, ഏറ്റെടുക്കണം എന്നൊക്കെ തീരുമാനിച്ചത്. ആ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് പിന്നീടുണ്ടായ നടപടികളൊക്കെ. ബോര്‍ഡ് ചെയര്‍മാന്മാരൊക്കെ മാറി വന്നിട്ടുണ്ടാകും. അസംബ്ലിയില്‍ പല ചോദ്യങ്ങളുമുയര്‍ന്നിട്ടുണ്ടാകും. വിഷയത്തിനു തുടക്കമിട്ടത് ഇടതുപക്ഷം തന്നെയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സര്‍ക്കാര്‍ രമ്യമായ പരിഹാരം ഉണ്ടാക്കുന്നില്ലെങ്കില്‍ ഞങ്ങള്‍തന്നെ അതിന് മുന്‍കൈയെടുക്കും
മുസ്‌ലിം ലീഗിന്‍റെ നിലപാടിന് തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ലീഗിന്‍റെ നിലപാട് അവിടെ രമ്യമായ പരിഹാരം വേണമെന്ന് തന്നെയാണ്. സാദിഖലി ശിഹാബ് തങ്ങള്‍ മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചിരുന്നു. ഇപ്പോള്‍ അജൻഡയിലുള്ള വിഷയം, അവിടത്തെ ബിഷപ്പുമാരുമായി അവസരം ലഭിച്ചാല്‍ സംസാരിക്കണമെന്നാണ്. ആ നിലയിലേക്ക് ഞങ്ങള്‍ കാര്യങ്ങള്‍ നീക്കുന്നുണ്ട്. സര്‍ക്കാര്‍ രമ്യമായ പരിഹാരം ഉണ്ടാക്കുന്നില്ലെങ്കില്‍ ഞങ്ങള്‍തന്നെ അതിന് മുന്‍കൈയെടുക്കും. -കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു
